മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്സ്’ പ്രഖ്യാപിക്കപ്പെട്ടപ്പോൾ സമൂഹമാധ്യമങ്ങളിലെങ്ങും ബറോസ്സിനെ കുറിച്ചുള്ള വാർത്തകളാണ് നിറയുന്നത്. മലയാളത്തിന്റെ മഹാനടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകം തന്നെയാണ് ‘ബറോസ്സി’നെ വാർത്തകളിലെ താരമായി മാറ്റുന്നത്. ഇപ്പോൾ ഇതാ പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും നിറയുന്നത് മോഹൻലാലിന്റെ കന്നിസംവിധാന ചിത്രം ‘ബറോസ്സി’ന്റെ വിശേഷങ്ങൾ തന്നെ.
‘ബറോസ്സി’ന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ ആ സന്തോഷവാർത്ത ആരോടെങ്കിലും പങ്കുവയ്ക്കാനാവാതെ താൻ വീർപ്പുമുട്ടി എന്നാണ് സിദ്ദു പനയ്ക്കൽ കുറിക്കുന്നത്.
“എല്ലാവരും കൊതിക്കുന്ന ഒരു സന്ദർഭം അത് നമുക്ക് കിട്ടുക എന്നത് മഹാഭാഗ്യമായി തന്നെ കരുതണം. ഞാൻ വർക്ക് ചെയ്യാൻ പോകുന്ന പുതിയ സിനിമ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ യുടെ ലൊക്കേഷൻ അന്വേഷിക്കുന്നതിനിടയിൽ ഒരു ദിവസം ആന്റണി പെരുമ്പാവൂർ വിളിച്ചു. നമുക്കൊരിടം വരെ പോകാനുണ്ട്. ആന്റണിയോടൊപ്പം യാത്രചെയ്യുമ്പോൾ എന്തിനാണെന്നോ എവിടേക്കാണെന്നോ ആന്റണി പറഞ്ഞില്ല.
കാർ ചെന്നു നിന്നത് നവോദയയുടെ മുറ്റത്ത്. ജിജോ സാറുമായി സംസാരിക്കാനിരുന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി, ‘ബറോസ്സ്’- ലാലേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ. അതിൽ എനിക്കും സഹകരിക്കാൻ സാധിക്കുക. ഈ വാർത്ത, ഈ സന്തോഷം സിനിമാലോകത്തോട് വിളിച്ചു പറയാൻ ഞാൻ വെമ്പി. പക്ഷെ ഔദ്യോഗികമായി ഒരറിയിപ്പുണ്ടാകും വരെ ഇത് പുറത്തുവിടാനും പറ്റില്ല. ഈ സന്തോഷ വാർത്ത ആരോടെങ്കിലും പങ്കുവെക്കാതെ വല്ലാത്ത വീർപ്പുമുട്ടലിലായിരുന്നു ഞാൻ,” സിദ്ദു പനയ്ക്കൽ കുറിക്കുന്നു.
‘ബറോസ്സ്’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് താനെന്ന കാര്യം മോഹൻലാൽ തന്നെയാണ് തന്റെ ബ്ലോഗിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. വാസ്കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥ പറയുന്ന ചിത്രം ത്രിഡി ഫോർമാറ്റിലാാണ് ഒരുക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ.
Read more: ആദ്യം പൃഥ്വി, ഇപ്പോള്‍ ലാലേട്ടന്, ഇനി മമ്മൂക്കയുടെ ഊഴമെന്ന് ട്രോളന്മാര്
‘ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുളള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള കണ്ടുമുട്ടലും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന് ജിജോയുടെ കഥയില്‍ നിന്നുമാണ് ബറോസ്സിലേക്ക് എത്തിയതെന്നും’ മോഹൻലാൽ പറഞ്ഞു. മോഹന്‍ലാല്‍ തന്നെയാകും ബറോസ്സ് ആവുക. നവോദയയുമൊത്താകും ചിത്രം തയ്യാറാക്കുക.