Mohanlal Barroz film: നടൻ, ഗായകൻ തുടങ്ങിയ മേൽവിലാസങ്ങൾക്ക് അപ്പുറം സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ. ‘ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മോഹൻലാൽ സംവിധായകനാവുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് പ്രേക്ഷകരും സിനിമാലോകവും വരവേറ്റത്. ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ബ്ലോഗിലൂടെയാണ് താൻ സംവിധായകനാവുന്നുവെന്ന വിശേഷം താരം പങ്കുവച്ചത്. 43 വർഷമായി ക്യാമറയ്ക്കു മുന്നിൽ ജീവിക്കുന്ന മോഹൻലാൽ, ക്യാമറയ്ക്ക് പിന്നിലേക്ക് വരുന്നു എന്ന വാർത്ത മലയാളിക്ക് പ്രതീക്ഷയും കൗതുകവും സമ്മാനിക്കുന്ന ഒന്നാണ്.
ഇപ്പോഴിതാ, ഒരു നല്ല സംവിധായകൻ എങ്ങനെ ആയിരിക്കണമെന്നതിന് നിർവ്വചനം നൽകുകയാണ് അദ്ദേഹം. ‘എന്റെ അഭിപ്രായത്തിൽ, ഒരു നല്ല പിക്‌നിക് പോലെയായിരിക്കണം സംവിധായകൻ കാര്യങ്ങൾ കൊണ്ടുപോകേണ്ടത്’ മോഹൻലാൽ പറയുന്നു. മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരുപാട് സംവിധായകരുടെ കീഴിൽ ഞാൻ പ്രവർത്തിച്ചു. എല്ലാവരും ഓരോ തരത്തിൽ വ്യത്യസ്തരാണ്. ചിലർ ആർട്ടിസ്റ്റുകളെ എപ്പോഴും കംഫർട്ട് സോണിൽ നിർത്തും. അവരുടെ മൂഡുകൾ അഭിനയത്തെ ബാധിക്കും എന്നറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അതിൽ നിന്ന് അതിന്റെ ഗുണഫലങ്ങൾ ലഭിക്കാറുമുണ്ടായിരിക്കണം. എന്നാൽ മറ്റുചിലരുടെ രീതികൾ വ്യത്യസ്തമാണ്. എന്റെ അഭിപ്രായത്തിൽ, ഒരു നല്ല പിക്‌നിക് പോലെയായിരിക്കണം സംവിധായകൻ കാര്യങ്ങൾ കൊണ്ടുപോകേണ്ടത്. അഭിനേതാക്കളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരുപാട് നല്ല ഫലങ്ങൾ അത് നൽകും എന്നാണ് എന്റെ വിശ്വാസം,” മോഹൻലാൽ പറഞ്ഞു.
ഒരു ത്രിഡി ചിത്രമായിട്ടാണ് ‘ബറോസ്സ്’ ഒരുങ്ങുന്നത്. വാസ്‌കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ‘ബറോസി’ന്റെ കഥയാണ് ചിത്രം പറയുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.
Read more: മോഹന്‍ലാല്‍ ഇനി സംവിധായകന്‍: ഒരുങ്ങുന്നത് ബിഗ് ബജറ്റ് ത്രിഡി ചിത്രം
”ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. പ്രിയപ്പെട്ടവേര, ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുളള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള കണ്ടുമുട്ടലും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്,” എന്നാണ് തന്റെ ബ്ലോഗ് കുറിപ്പിൽ മോഹൻലാൽ കുറിച്ചത്.
Read more: മോഹൻലാൽ ചിത്രം ‘ബറോസ്സി’നൊപ്പം വാർത്തകളിൽ നിറയുന്ന ജിജോ പുന്നൂസ്
ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ബറോസ്സിലേക്ക് എത്തിയതെന്നും മോഹൻലാൽ വ്യക്തമാക്കുന്നു. ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് ബറോസ്സ് ആവുന്നത്. നവോദയയുമൊത്താണ് ചിത്രം നിർമ്മിക്കുന്നത്.