മലയാളത്തില്‍ എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ താരമാണ് മോഹന്‍ലാല്‍. ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റ് മുതൽ 50 കോടിയിലും 100 കോടിയിലും 150 കോടിയിലുമെല്ലാം ആദ്യം ഇടം പിടിച്ചതും ലാലേട്ടനാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മോഹൻ ലാൽ. ട്വിറ്ററില്‍ 20 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ മലയാള താരമായിരിക്കുകയാണ് മോഹന്‍ലാല്‍.

ട്വിറ്ററില്‍ ആദ്യ 10 ലക്ഷം ഫോളേവേഴ്സ് എന്ന നാഴികക്കല്ല് 2016ല്‍ തന്നെ മോഹന്‍ലാല്‍ പിന്നിട്ടിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടിയുടെ ട്വിറ്റർ ഫോളോവേഴ്സ്. 6.5 ലക്ഷം ഫോളോവേഴ്സുമായി ദുല്‍ഖര്‍ സല്‍മാനാണ് യുവ താരങ്ങളിൽ മുന്നിൽ.

ജനതാ ഗാരേജിലൂടെ തെലുങ്കിലും സ്വീകാര്യത നേടിയതോടെയാണ് മോഹൻലാലിന്റെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ വർദ്ധിച്ചത്. തെലുങ്കില്‍ മാത്രമല്ല തമിഴിലും മോഹന്‍ലാലിന് ആരാധകരുണ്ട്. 42 ലക്ഷത്തിന് മുകളിലാണ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് ലൈക്ക്.

ആയിരം കോടി രൂപാ മുതൽ മുടക്കിൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന മഹാഭാരതം സിനിമയിൽ ഭീമനെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണെന്ന വാർത്ത വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതും മലയാളത്തിന് പുറത്ത് മോഹൻലാലിന്റെ ജനപ്രീതി വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ