മോഹന്‍ലാല്‍ ഹാഷ്ടാഗ് കണ്ടുപിടിച്ചിട്ട് 19 വര്‍ഷമായെന്ന് എഴുത്തുകാരൻ എന്‍.എസ് മാധവന്. മോഹന്‍ലാല്‍, രഞ്ജിനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘ചിത്രം’ എന്ന സിനിമയിലെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ടാണ് എന്‍.എസ് മാധവന് ഇങ്ങനെ കുറിച്ചത്. സിനിമയില്‍ ഉടനീളം മോഹന്‍ലാല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതു പോലെയുള്ള മുദ്ര കാണിക്കുന്നുണ്ട്. ഇതാണ് എന്‍.എസ് മാധവന് തമാശ രൂപേണ പറഞ്ഞത്.
This day 19 years ago* Lalettan invented #hashtags
*Chitram release date. pic.twitter.com/XjbDl10fUv
— N.S. Madhavan این. ایس. مادھون (@NSMlive) May 25, 2019
പ്രിയദര്ശന് സംവിധാനം ചെയ്ത മലയാള സിനിമ ‘ചിത്ര’ത്തിന്റെ വാര്‍ഷികമാണ് എന്ന് സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. എന്നാല്‍ ‘ചിത്രം’ ഒരു ക്രിസ്മസ് റിലീസ് സിനിമയായിരുന്നു എന്നും 1988 ഡിസംബര്‍ 26നാണ് തിയേറ്ററുകളില്‍ എത്തിയത് എന്നും കാണിച്ചു ലാല്‍ ആരാധകര്‍ എത്തിയതോടെ എന്‍ എസ് മാധവന് റിലീസ് തീയതിയുടെ കാര്യത്തില്‍ തനിക്കു തെറ്റ് പറ്റി എന്നും താന്‍ റെഫര്‍ ചെയ്തത് തെലുങ്കിലെ ‘ചിത്രം’ എന്ന സിനിമയുടെ റിലീസ് തീയതിയായിരുന്നു എന്നും മറ്റൊരു ട്വീറ്റിലൂടെ വിശദീകരിച്ചു.
“ക്ഷമിക്കണം ഇതൊരു തെലുങ്ക് ചിത്രമാണ്. പക്ഷേ അത് കൊണ്ട് ഹാഷ് ടാഗ് കണ്ടുപിടിച്ചയാള്‍ക്ക് അതിന്റെ ക്രെഡിറ്റ് ഇല്ലാതെയാവുന്നില്ല.”
Sorry, this Chitram in IMDB is a Telugu movie. But that doesn’t take away any credit from the inventor. pic.twitter.com/YlcZXuQZyY
— N.S. Madhavan این. ایس. مادھون (@NSMlive) May 25, 2019
1988ലെ ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, രഞ്ജിനി എന്നിവരെ കൂടാതെ ശ്രീനിവാസന്, നെടുമുടി വേണു, പൂര്‍ണ്ണം വിശ്വനാഥന്, സുകുമാരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
18 സെന്ററുകളില്‍ റിലീസ് ചെയ്ത ‘ചിത്രം’ 365 ദിവസത്തില്‍ക്കൂടുതല്‍ തുടര്‍ച്ചയായി റെഗുലര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച് അന്നത്തെ സകല റെക്കാഡുകളും തകര്‍ത്തു. ഗ്രോസ്സ് കളക്ഷനായി മൂന്ന് കോടിയിലേറെ നേടുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മോഹന്‍ലാല്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ എത്തിയ ‘ചിത്രം’.
മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രമെന്ന് നിസ്സംശയം പറയാം. ഇന്നും ഓരോ കാഴ്ചയിലും പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കാറുണ്ട് ഈ സിനിമ. അഭിനയിച്ചവരെല്ലാം അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയ ചിത്രം.
മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രം 19 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ മനസിലെ നൊമ്പരമാണ്. തുടക്കത്തിലെ തമാശയും പിന്നീടുള്ള വൈകാരികത നിറഞ്ഞ മുഹൂര്‍ത്തങ്ങളുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ആദ്യദിനത്തില്‍ അത്ര നല്ല പ്രതികരണമോ, തിരക്കോ സിനിമയ്ക്ക് അനുഭവപ്പെട്ടിരുന്നില്ല. 1989 ലെ ക്രിസ്മസും കഴിഞ്ഞ് 1990 ലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം പ്രദര്‍ശിപ്പിച്ച സിനിമയെന്ന റെക്കോര്‍ഡ് ചിത്രത്തിന് സ്വന്തമാണ്. തിയേറ്ററുകളില്‍ കൂടുതല്‍ ദിവസം പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡും സിനിമയ്ക്ക് സ്വന്തമാണ്.
നാല്‍പ്പതു ലക്ഷത്തോളമായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അന്ന് മൂന്നരക്കോടിയിലേറെ ലാഭം നേടി ചിത്രം നിര്‍മ്മാതാവ് പി കെ ആര് പിള്ളയ്ക്ക് വന്‍ നേട്ടമായി. വിജയത്തില്‍ മനസുനിറഞ്ഞ പി കെ ആര് പിള്ള നായകന് മോഹന്‍ലാലിന് ഒരു മാരുതി കാര്‍ സമ്മാനമായി നല്‍കിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.
ചിത്രത്തിലെ പാട്ടുകളും ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. പാടം പൂത്തകാലവും, ഈറൻ മേഘവിമെല്ലാം ഇന്നും മലയാളികളുടെ പ്ലേ ലിസ്റ്റിലുംണ്ട്. സ്വാമിനാഥ പരിപാലയ.. എന്ന എം.ജി ശ്രീകുമാർ ആലപിച്ച ഗാനം ഇന്നും കണ്ണ് നിറയാതെ കേട്ടിരിക്കാനാകില്ല. മുത്തുസ്വാമി ദീക്ഷിതർ എഴുതിയ ഗാനത്തിന്, ചിത്രത്തിന് വേണ്ടി സംഗീതം നൽകിയത് കണ്ണൂർ രാജനായിരുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു.