സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രമാണ് താരം ഷെയർ ചെയ്തത്. ജപ്പാനിൽ അവധി ആഘോഷിക്കുകയാണ് സുചിത്രയും മോഹൻലാലും.
“ടോക്കിയോയിൽ നിന്നും സ്നേഹപൂർവ്വം, 35 വർഷത്തെ സ്നേഹവും പങ്കാളിത്തവും ആഘോഷിക്കുന്നു” എന്നാണ് ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. കേക്ക് മുറിച്ച് സുചിത്രയ്ക്ക് നൽകുകയാണ് മോഹൻലാൽ. അനവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് താഴെ ആശംസകളറിയിച്ചിട്ടുണ്ട്.
താരങ്ങളായ സ്വാസിക, ബീന ആന്റണി, രചന നാരായണൻകുട്ടി, ലാൽ ജോസ്, റഹ്മാൻ തുടങ്ങിയവരാണ് വിവാഹ വാർഷികാശംസകൾ അറിയിച്ചത്.
1988 ഏപ്രിൽ 28നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ.
ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.