ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിൽ ഇനി പുതിയ കൂട്ട്. പുതിയ കാരവാൻ സ്വന്തമാക്കി മോഹൻലാൽ. താരത്തിന്റെ പുതിയ കാരവാന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
കേരളത്തിൽ സ്പെഷ്യൽ പർപ്പസ് വാഹനങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെ ഈ പുതിയ കാരവാൻ നിർമ്മിച്ചത്.എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള ബ്രൗൺ നിറത്തിനോട് ചേർന്ന് നിൽക്കുന്ന നിറം നൽകിയാണ് അകത്തളവും ആഡംബരമായി ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്.എറണാകുളം ആർ.ടി.ഒയ്ക്കു കീഴിൽ സ്വകാര്യ വാഹനമായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൗൺ നിറത്തിൽ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് വശങ്ങളിൽ വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകളും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹന നിർമാതാക്കളായ ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് കാരവാൻ ഒരുക്കിയിരിക്കുന്നത്. റീഡിങ്ങ് ലൈറ്റുകൾക്കൊപ്പം റോൾസ് റോയിസ് കാറുകൾക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകൾ നൽകിയാണ് റൂഫ് ഒരുക്കിയിട്ടുള്ളത്. 3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടർ 4ഡി34ഐ സി.ആർ.ഡി.ഐ ഡീസൽ എൻജിനാണ് ഈ വാഹനത്തിനുളളത്.കാരവന്‍ ഡിസൈന്‍ ചെയ്ത ബിജു മാര്‍ക്കോസും ഭാര്യ സ്മിത ബിജുവും മോഹന്‍ലാലിനൊപ്പം കാരവനകത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.
ജീത്തു ജോസഫ് ചിത്രം റാം ആണ് അണിയറയിൽ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു മോഹൻലാൽ ചിത്രം. മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എലോണും റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസ് ആണ് എലോണിന്റെ നിർമാതാക്കൾ.
മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസ് ആണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ജൂലൈ 29ന് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.