സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ബോക്സിംഗ് പരിശീലനത്തിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തിങ്കളാഴ്ചയാണ് താരം ബോക്സിങ് പരിശീലിക്കുന്നതിന്റെ ചിത്രം പങ്കുവച്ചത്. പ്രിയദർശനോടൊപ്പമുള്ള പുതിയ ചിത്രത്തിൽ മോഹൻലാൽ ഒരു ബോക്സറായി അഭിനയിക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തു വരുന്നതിനിടെയാണ് അദ്ദേഹം ബോക്സിങ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയിൽ ഒരു വിരമിച്ച ബോക്സിംഗ് ചാമ്പ്യനായി മോഹൻലാൽ അഭിനയിക്കുമെന്നാണ് അഭ്യൂഹങ്ങൾ പുറത്തുവന്നത്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിരുന്നില്ല.
മോഹൻലാൽ പതിവായി ജിമ്മിൽ പോവുകയും ഇതിനകം തന്നെ ശരീരഭാരം കാര്യമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ബോക്സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി അദ്ദേഹം തന്റെ ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെ ബോക്സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശസ്ത കേരള ബോക്സിർ പ്രേംനാഥിനൊപ്പമുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.
Read More: ചുരം കയറി കാടും മേടും താണ്ടി മോഹൻലാൽ; ചിത്രങ്ങൾ
ബോഡി ബിൽഡിംഗ്, ഹൈ ഇൻറൻസിറ്റി എക്സർസൈസ്, ബോക്സിംഗ്, യോഗ എന്നിവ ഉൾപ്പെടുന്ന വ്യായാമങ്ങൾക്ക് മോഹൻലാൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ചിലവഴിക്കുന്നതായുാണ് വിവരം.
പുതിയ സ്പോർട്സ് ഡ്രാമക്ക് മുൻപായി മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലുള്ള സിനിമയായ “മരക്കാർ അറബിക്കടലിന്റെ സിംഹം,” റിലീസിന് ഒരുങ്ങുകയാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം “ട്വെൽത്ത് മാനി”ന്റെ സെറ്റിലാണ് മോഹൻലാൽ ഇപ്പോൾ. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “ബ്രോ ഡാഡി”യുടെ ഷൂട്ടിംഗ് പൂർത്തിയായ ശേഷമാണ് അദ്ദേഹം ജീത്തു ജോസഫ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരിച്ചത്. സംവിധായകൻ ഷാജി കൈലാസുമൊത്തുള്ള മോഹൻ ലാൽ ചിത്രത്തിന്റെ ചിത്രീകരണവും ഉടൻ ആരംഭിക്കും. 12 വർഷത്തിനു ശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രം ഒക്ടോബറിൽ ആരംഭിക്കും.
Read More: സൈമ 2021: മലയാളത്തിൽ മികച്ച നടൻ മോഹൻലാൽ, തമിഴിൽ ധനുഷ്; രണ്ട് ഭാഷകളിലും മികച്ച നടി മഞ്ജു വാര്യർ