പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയിൽ ഒരു വിരമിച്ച ബോക്സിംഗ് ചാമ്പ്യനായി മോഹൻലാൽ അഭിനയിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
എന്നാൽ ഇപ്പോഴിതാ, ബോക്സിംഗ് പരിശീലനത്തിൽ മുഴുകിയിരിക്കുന്ന മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ഫാൻസ് ഗ്രൂപ്പുകളിൽ വൈറലാവുന്നത്.
മോഹൻലാൽ പതിവായി ജിമ്മിൽ പോവുകയും ഇതിനകം തന്നെ ശരീരഭാരം കാര്യമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ബോക്സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി അദ്ദേഹം തന്റെ ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെയും ബോക്സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശസ്ത കേരള ബോക്സിർ പ്രേംനാഥിനൊപ്പമുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.
ബോഡി ബിൽഡിംഗ്, ഹൈ ഇൻറൻസിറ്റി എക്സർസൈസ്, ബോക്സിംഗ്, യോഗ എന്നിവ ഉൾപ്പെടുന്ന വ്യായാമങ്ങൾക്ക് മോഹൻലാൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ചിലവഴിക്കുന്നതായാണ് വിവരം.
Read more: മരക്കാർ മാത്രമല്ല, അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിലേക്ക്
അതേസമയം, മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഓടിടി റിലീസിനൊരുങ്ങുകയാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ ഇക്കാര്യം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ആമസോൺ പ്രൈം വീഡിയോയുമായി ഇക്കാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.
‘മരക്കാർ’ മാത്രമല്ല, മോഹൻലാലിന്റെ നാല് ചിത്രങ്ങൾ ഓടിടിയിലാണ് റിലീസ് ചെയ്യുകയെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഓടിടിയിൽ റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങൾ.