കൊച്ചി: ഭീമന്‍ എന്ന കഥാപാത്രം ജീവിതത്തിന്റെ വലിയൊരു കാലത്തോളം തന്നെ പിന്തുടര്‍ന്നിട്ടുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. ഇന്ന് ഭീമനാവാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുമ്പില്‍ നിന്നുകൊണ്ട് ആലോചിക്കുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നതിന്റെ കാരണവും അതാണെന്ന് ലാല്‍ തന്റെ ബ്ലോഗിലൂടെ പറഞ്ഞു.

ഭീമനായി തന്റെ പേര് പറഞ്ഞത് എംടി വാസുദേവന്‍ നായരാണെന്നും അതില്‍ ഒരു നടനെന്ന നിലയില്‍ താന്‍ ധന്യനാണെന്നും അദ്ദേഹം പറഞ്ഞു. എംടിയുടെ വാക്ക് കടമെടുത്താല്‍ ഇത് സുകൃതമാണെന്നും ലാല്‍ വ്യക്തമാക്കി. രണ്ടാമൂഴം സിനിമയാകുമ്പോള്‍ കേന്ദ്രകഥാപാത്രമെന്ന നിലയില്‍ അടുത്ത രണ്ട് വര്‍ഷം തനിക്ക് ഏറെ പ്രധാന്യവും അധ്വാനഭരിതവുമാണെന്ന് ലാല്‍ പറയുന്നു.

“ഒരേസമയം മനസും ശരീരവുമായ എംടിയുടെ ഭീമന് വേണ്ടി പരിശീലനം ആവശ്യമാണ്. പലതരത്തിലുള്ള യുദ്ധമുറകള്‍ രണ്ടാമൂഴത്തിലുണ്ട്. ഗദായുദ്ധം മുതല്‍ കാറ്റിന്റെ വേഗതയിലുള്ള രഥയുദ്ധം വരെ. അപ്പോള്‍ അതാത് ആയോധനകലകളിലെ ഗുരുക്കന്മാരുടെ കീഴില്‍ ഇതെല്ലാം അഭ്യസിക്കേണ്ടി വരും. അടുത്ത ഒന്നര വര്‍ഷത്തോളം ഇതിന് വേണ്ടി മറ്റ് തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറയുന്നു.

“രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന ആശങ്കകള്‍ പങ്കുവെക്കുന്ന ഒരുപാട് പേരുണ്ട്. എല്ലാ നല്ല കാര്യങ്ങളും സംഭവിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നയാളാണ് ഞാന്‍, അതാണ് എനിയ്ക്ക് ഇഷ്ടം. സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നത് തന്നെ ആനന്ദകരമാണ്. ലക്ഷ്യത്തേക്കാള്‍ യാത്രയാണ് എന്നെ രസിപ്പിക്കുന്നത്. ഞാനിപ്പോള്‍ ആ യാത്രയിലാണ്, എന്നോടൊപ്പം, എപ്പോഴും ഭീമനും, മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ