ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകരും സിനിമാസ്വാദകരും ഇന്ന് മലയാളത്തിന്റെ മഹാനടന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ലോക്ക്‌ഡൗൺ കാലത്ത് ചെന്നൈയിലെ വീട്ടിൽ ഭാര്യയ്ക്കും മകനുമൊപ്പം വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് മോഹൻലാലിന്റെ ജന്മദിനം കടന്നുപോവുന്നത്. തനിക്കായി ഒഴുകിയെത്തുന്ന ആശംസാപ്രവാഹത്തിനെല്ലാം നന്ദി പറയുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ.

ഒരത്ഭുതം പോലെ വന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുകയാണ് മോഹൻലാൽ ഇപ്പോൾ. തന്റെ വിശേഷങ്ങളും സ്വപ്നങ്ങളും ചിന്തകളും വേദനകളുമെല്ലാം പലപ്പോഴും ‘ദ കംപ്ലീറ്റ് ആക്റ്റർ’ എന്ന ബ്ലോഗിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള മോഹൻലാൽ പിറന്നാൾ ദിനത്തിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

മോഹൻലാലിന്റെ ബ്ലോഗിൽ നിന്നും…

“ഇവിടെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് വിശ്വസിക്കാനാവുന്നില്ല. എത്ര ദൂരം… എത്ര മാത്രം അധ്വാനം! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങൾ! കൂട്ടായ്മയുടെ വിജയങ്ങൾ! ആരൊക്കെയോ ചൊരിഞ്ഞ സ്നേഹങ്ങൾ! ആരുടെയൊക്കെയോ കരുതലുകൾ! തിരിഞ്ഞു നോക്കുമ്പോൾ എന്റെ ശിരസ് കുനിഞ്ഞു പോകുന്നു. നന്ദിയോടെ: എന്റെ കണ്ണുകൾ നനഞ്ഞു പോകുന്നു… കടപ്പാടോടെ….

കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്നും വരുന്ന ആ ആറാം ക്ലാസ്സുകാരൻ… അവൻ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ച് നിർത്തിയത്. വേളൂർ കൃഷ്ണൻകുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുൻപേ സഞ്ചരിച്ച ഒന്നായിരുന്നു എന്നു മാത്രം ഞാനോർക്കുന്നു.
കമ്പ്യൂട്ടറിനെ കുറിച്ച് അധികം കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാലത്ത് കമ്പ്യൂട്ടറിനെ കുറിച്ച് എഴുതിയ നാടകം. അത് കഴിഞ്ഞും അഭിനയത്തെക്കുറിച്ച് ഞാൻ ആലോചിച്ചതേയില്ലായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കായകൽപ്പം എന്ന നാടകത്തിൽ വീണ്ടും അഭിനയിച്ചു. ഈ രണ്ടു നാടകത്തിലും ഞാൻ ഏറ്റവും നല്ല നടന്റെ സമ്മാനവും വാങ്ങിച്ചു. അത് കഴിഞ്ഞ് കോളേജിൽ പഠിക്കുമ്പോൾ വീണ്ടും ഞാൻ നല്ല നടനായി മാറി. അപ്പോഴും അഭിനയം എന്റെ ഒരു പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന ബോധ്യവുമില്ലായിരുന്നു. പിന്നീട് ‘തിരനോട്ടം’ എന്ന സിനിമയിൽ അഭിനയിച്ചു. എല്ലാറ്റിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നിൽ നിന്ന് ഭാവങ്ങൾ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാത്ത ഞാൻ എന്തൊക്കെയോ ചെയ്തു. അത് ഇങ്ങനെയൊക്കെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.”

Read Here: Happy Birthday Mohanlal: എന്റെ ലാലിന്: മോഹന്‍ലാലിന് വീഡിയോ ആശംസയുമായി മമ്മൂട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook