ഓരോ സിനിമകളിലെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സമ്മാനിക്കുന്ന ഒരു കൗതുകമുണ്ട്. അടുത്തിടെയായി പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന മോഹൻലാൽ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഏറെയാണ്. വാതിലിനിടയിലൂടെ തല പുറത്തേക്കിട്ട് നോക്കുന്ന ‘ഡ്രാമ’യിലെ രാജു, മുണ്ടും ചട്ടയുമൊക്കെയണിഞ്ഞ് മാർഗ്ഗം കളി വേഷത്തിലെത്തുന്ന ഇട്ടിമാണിയിലെ കഥാപാത്രം, അരപ്പൊക്കത്തിലുള്ള മരക്കുറ്റിയിലേക്ക് അനായേസേന കാലുകൾ കയറ്റി വച്ചിരിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’യിലെ ഇത്തിക്കരപ്പക്കി എന്നിവയൊക്കെ അവയിൽ ചിലതു മാത്രം. ഇപ്പോഴിതാ അരമതിൽ ചാടികടന്നു വരുന്ന ‘ബിഗ് ബ്രദറി’ലെ സച്ചിദാനന്ദനും ശ്രദ്ധ നേടുകയാണ്.
സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. ഇന്നലെ വൈകിട്ട് പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മോഹൻലാലിനൊപ്പം അര്‍ബാസ് ഖാൻ, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് റെജീന കസാന്‍ഡ്ര, സത്‌നാ ടൈറ്റസ് എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് പ്രധാന ലൊക്കേഷനുകള്‍.
മോഹൻലാൽ എന്ന താരത്തിന്റെ സ്റ്റൈൽ എലമെന്റുകളെയും മാസ് ലുക്കിനെയും പ്രയോജനപ്പെടുത്തിയ ലുക്കായിരുന്നു ‘കായംകുളം കൊച്ചുണ്ണി’യിലേത്. ഇത്തിക്കരപ്പക്കിയെന്ന കള്ളൻ കഥാപാത്രത്തിന്റെ അസാമാന്യ മെയ്‌വഴക്കവും മാസ് സ്വഭാവവുമെല്ലാം കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞൊരു ലുക്കായിരുന്നു മോഹന്‍ലാല്‍ ഇടത് കാല് ഉയര്‍ത്തി ഒരു തെങ്ങിന്‍ തടിക്ക് മുകളില്‍ വെച്ചിരിക്കുന്ന ആ ചിത്രം. കുറ്റിത്തലമുടിയും താടിയുമായി ഇന്നേവരെ കണ്ടിട്ടില്ലാത്ത ലാലിന്റെ വേറിട്ട ആ ലുക്ക് ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറുകയും ചെയ്തു.
അടുത്തിടെ റിലീസിനെത്തിയ ‘ലൂസിഫറി’ലെ ലുക്കും മോഹൻലാൽ എന്ന താരത്തിന്റെ മാസ് സ്വഭാവത്തെ പ്രയോജനപ്പെടുത്തിയ ഒന്നായിരുന്നു. സ്റ്റീഫൻ നെടുമ്പിള്ളിയെന്ന കഥാപാത്രത്തിന്റെ ആദ്യലുക്ക് ഉണ്ടാക്കിയ ഓളവും ചെറുതല്ല. നന്മയ്ക്കും തിന്മയ്ക്കും ഇടയിൽ നിൽക്കുന്ന ഗ്രേ ഷേഡിലുള്ള കഥാപാത്രമായിരുന്നു ‘ലൂസിഫറി’ലെ സ്റ്റീഫൻ നെടുമ്പിള്ളി.
‘കായംകുളം കൊച്ചുണ്ണി’, ‘ലൂസിഫർ’ തുടങ്ങിയ ചിത്രങ്ങൾ മോഹൻലാലിന്റെ മാസ് ലുക്കാണ് സിനിമയുടെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തിയതെങ്കിൽ ‘ഡ്രാമ’ കാണിച്ചു തന്നത് പഴയ മോഹൻലാലിനെയാണ്. പഴയ ലാലിന്റെ കുസൃതിയും നിഷ്കളങ്കതയുമെല്ലാമാണ് ‘ഡ്രാമ’യിലെ ക്യാരക്റ്റർ പോസ്റ്ററുകളിൽ നിറഞ്ഞത്. ഇപ്പോൾ ‘ബിഗ് ബ്രദർ’ പോസ്റ്ററിൽ നിറയുന്നതും കോമഡിയും കുസൃതിയുമായി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ ആ ലാൽഭാവങ്ങളാണ്, മാസ് ഇമേജിനെ പൂർണമായും മാറ്റിനിർത്തുന്നുണ്ട് പോസ്റ്ററിലെ ലുക്ക്.

ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെയാണ് ‘ഇട്ടിമാണി’യിലെ പോസ്റ്ററുകൾ പരിചയപ്പെടുത്തുന്നത്. സ്ത്രീവേഷത്തിൽ, മാർഗ്ഗം കളി ഡ്രസ്സിൽ എത്തുന്ന മോഹൻലാലിന്റെ വേഷപ്പകർച്ച കൗതുകമുണർത്തുകയാണ്. ‘മരക്കാർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനായി പ്രേക്ഷകർ കാത്തിരുന്നതും മോഹൻലാലിന്റെ വേഷപ്പകർച്ച കാണാനായിരുന്നു. അറബിക്കടലിന്റെ സിംഹമായ ‘മരക്കാറാ’യി മോഹൻലാൽ വിസ്മയിപ്പിക്കുന്നത് ഏതു വേഷപ്പകർച്ചയിൽ എത്തിയാവും എന്ന കൗതുകം.
Read more: Mohanlal Barroz film: ‘ബറോസി’ൽ സ്പാനിഷ് താരങ്ങളും; കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മോഹൻലാൽ