ഹൈദരാബാദ്: ആന്ധ്ര സംസ്ഥാന സർക്കാരിന്‍റെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016 ലെ പുരസ്കാരങ്ങളിൽ മോഹൻലാൽ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു.  ജനതാ ഗാരേജിലെ അഭിനയത്തിനാണ് പുരസ്കാരം.

 

ഇതേ ചിത്രത്തിലെ അഭിനയത്തിന് ജൂനിയർ എൻടിആറിനാണ് മികച്ച നടനുള്ള പുരസ്കാരം. ഇതിന് പുറമേ മികച്ച കഥയ്ക്ക് ജനത ഗാരേജിന്‍റെ സംവിധായകൻ കൂടിയായ കൊരട്ടാല ശിവ അർഹനായി.

മലയാളത്തിലെ മുന്‍ നിര നായകന്മാരില്‍ ആരും തന്നെ ഇത് വരെ ആന്ധ്ര സർക്കാരിന്‍റെ നന്ദി പുരസ്കാരം നേടിയിട്ടില്ല എന്നത് ഇരട്ടി സന്തോഷത്തിനു വക തരുന്നു.  ജനതാ ഗാരേജിലെ പ്രകടനത്തോടെ തെലുങ്കിലും മോഹൻലാൽ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആന്ധ്രയിലും തെലങ്കാനയിലും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ചു. 135 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

2016ലെ മികച്ച സിനിമയായി പീലി ചൂപുലു തിരഞ്ഞെടുക്കപ്പെട്ടു. സതീഷ് വെഗസ്‌ന മികച്ച സംവിധായകനായും റിതു വര്‍മ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ