കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ മാസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ അമ്മയ്ക്കരുകിലേക്ക് എത്തി. താരത്തിന്റെ  തേവരയിലെ വീട്ടിലാണ് അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയുള്ളത്.  ലോക്ക്ഡൌണ്‍ കാലത്ത് ചെന്നൈയില്‍ കുടുംബത്തോടൊപ്പമുണ്ടായിരുന്ന ലാല്‍, കഴിഞ്ഞ ദിവസമാണ് അമ്മയെ കാണാനായി കൊച്ചിയില്‍ എത്തിയത്.

എന്നാൽ അമ്മയെ കാണണമെങ്കിൽ 14 ദിവസം കൂടി ലാല്‍ കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ സർക്കാർ നിർദേശിച്ചതിനാൽ വീട്ടിലേക്ക് പോകാതെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് താരം. തന്റെ ഡ്രൈവർക്ക് ഒപ്പം കാറിലാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.

ജിത്തുജോസഫിന്റെ ‘റാമിന്റെ’ സെറ്റില്‍ നിന്ന് ചെന്നൈയിൽ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡില്‍ പങ്കെടുക്കാനായി മോഹൻലാൽ ചെന്നൈയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ താരം ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടില്‍ തങ്ങുകയായിരുന്നു. 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇത്രയും നീണ്ടൊരു അവധിക്കാലം കുടുംബത്തോടൊപ്പം താരം ചെലവിടുന്നത് ഇതാദ്യമായാണ്.

ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തിലേറെയായി ചെന്നൈയിലെ വസതിയിൽ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാൽ. മകൾ വിസ്മയ വിദേശത്താണ്. ലോക്ക്ഡൗൺ കാലത്തെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു മോഹൻലാലിന്റെയും മകൻ പ്രണവിന്റെയും പിറന്നാളാഘോഷം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്യാനിരുന്ന ‘ദൃശ്യം 2’ എന്ന മോഹൻലാൽ- ജീത്തുടീമിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിലാകും ചിത്രീകരണം ആരംഭിക്കുക.

Read more: രാത്രി വൈകി ഐസ്ക്രീം കഴിക്കുന്ന, യൂട്യൂബിൽ കുക്കിംഗ് വീഡിയോ കാണുന്ന ലാലേട്ടൻ: ലോക്ക്‌ഡൗൺ വിശേഷങ്ങൾ പങ്കുവച്ച് സുചിത്ര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook