കുത്തിയൊലിക്കുന്ന പുഴയിൽ തനിയെ ചങ്ങാടം തുഴഞ്ഞുപോവുന്ന മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ളതാണ് ഈ വീഡിയോ.
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിലാണ് പ്രിയദർശനും സംഘവും ഓളവും തീരവും പുനസൃഷ്ടിക്കുന്നത്. മരക്കാറിനു ശേഷം മോഹൻലാൽ- പ്രിയദർശൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ദുര്‍ഗാ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തൊമ്മൻകുത്ത്, കാഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലായാണ് ‘ഓളവും തീരവും’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. അതേസമയം, നരൻ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മുള്ളൻ കൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ഓർമ വരുന്നു എന്നാണ് ഒരു പറ്റം ആളുകൾ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
എംടിയുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് ‘ഓളവും തീരവും’. സന്തോഷ് ശിവനാണ് ഛായാഗ്രഹണവും സാബു സിറിൽ കലാസംവിധാനവും നിർവ്വഹിക്കുന്നു. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നു. ആര്‍.പി.എസ്.ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. നെറ്റ്ഫ്‌ളിക്‌സിലാവും ചിത്രം റിലീസ് ചെയ്യുക.
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിൽ മങ്കട രവിവര്‍മ്മയായിരുന്നു ഛായാഗ്രാഹകന്‍. മധു ആയിരുന്നു ചിത്രത്തിൽ നായകനായ ബാപ്പുട്ടിയെ അവതരിപ്പിച്ചത്. ഉഷാ നന്ദിനിയായിരുന്നു നായിക. ജോസ് പ്രകാശ് വില്ലനായും എത്തി.