ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം ചെറിയൊരു അവധിയെടുത്ത് ജപ്പാനിലേക്ക് പറന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. മലൈകോട്ട വാലിബന്റെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷമാണ് കുടുംബസമേതം ഒരു അവധിക്കാലം ചെലവഴിക്കാനായി മോഹൻലാൽ ജപ്പാനിലെത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ എവിക്ഷൻ എപ്പിസോഡുകളും ഇതിനായി നേരത്തെ തന്നെ മോഹൻലാൽ പൂർത്തിയാക്കിയിരുന്നു.
ഇപ്പോൾ ജപ്പാനിൽ നിന്നുള്ള ചിത്രം ഷെയർ ചെയ്യുകയാണ് താരം. ഭാര്യ സുചിത്രയേയും ചിത്രത്തിൽ കാണാം. ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകളാണ് ചിത്രത്തിനു അടിക്കുറിപ്പായി മോഹൻലാൽ കുറിച്ചത്. ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയ ചിത്രമാണിത്.
ജപ്പാനിൽ ചെറി ബ്ലോസം സീസൺ ആണിപ്പോൾ. ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നെന്ന് വിശേഷിപ്പിക്കുന്ന ചെറി ബ്ലോസം കാണാനായി പ്രതിവർഷം ലക്ഷകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. മാർച്ചിൽ മൊട്ടിട്ടു തുടങ്ങുന്ന ചെറിമരങ്ങൾ ഏപ്രിൽ മധ്യത്തോടെ വിരിഞ്ഞ്, വികസിച്ച് അതിന്റെ പാരമ്യത്തിലേക്ക് എത്തും. പിങ്ക് നിറത്തിലുള്ള പരവതാനി വിരിച്ചതുപോലുള്ള കാഴ്ചകളാവും പിന്നെ ചുറ്റും.