നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ പ്രധാന ചര്‍ച്ചാ വിഷയം. നിവിന്‍ കൊച്ചുണ്ണിയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഇരുവരുമൊന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. കൊല്ലം ജില്ലയില്‍ താമസിച്ചിരുന്ന ഇദ്ദേഹം കൊച്ചുണ്ണിയെ പോലെ തന്നെ പണക്കാരെ മോഷണത്തിന് ഇര ആക്കുകയും പാവപ്പെട്ടവര്‍ക്കും അയല്‍വാസികള്‍ക്കും പണം വീതിച്ചു കൊടുക്കുമായിരുന്നു.

Read More: സ്നേഹമുളള കളളനായി മോഹന്‍ലാല്‍: ‘ഇതാ എന്റെ ഇത്തിക്കര പക്കി’യെന്ന് റോഷന്‍ ആന്‍ഡ്രൂസ്

പാക്കി (ഫ്‌ളൈ) യുടെ വേഗമായിരുന്നു ഇത്തിക്കര പക്കിക്ക്. അങ്ങനെയാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടത്.

കുറ്റിത്തലമുടിയും താടിയും ഒട്ടും ഗ്ലാമറല്ലാത്ത ലാലിന്റെ വേറിട്ടൊരു ലുക്കാണ് ചിത്രത്തിലുള്ളത്. ഏതാനും ദിവസങ്ങള്‍ മുമ്പാണ് ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. ബോബി- സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ