മോഹന്‍ലാല്‍ എന്ന പേര് മലയാളികള്‍ക്ക് ഒരു വികാരമാണ്. 1980ല്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലനായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതല്‍ ‘ലാലേട്ടന്‍’ മലയാളികളുടെ ‘ചങ്കും ചങ്കിടിപ്പും’ തന്നെയാണ്.

വര്‍ഷങ്ങള്‍ക്കു ശേഷമിതാ ‘മോഹന്‍ലാല്‍’ എന്ന പേരില്‍ ഒരു സിനിമ തന്നെ വരുന്നു. മോഹന്‍ലാലില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരെ ഇപ്പോള്‍ ആകാംക്ഷയിലാക്കുന്ന ചോദ്യം.   സിനിമയുടെ ഓരോ സീനിലും ലാലേട്ടനുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടോ?

അഭിനയിച്ചാല്‍, അതൊരു വലിയ കാര്യമാണ്.  കാരണം മോഹന്‍ലാലായി മോഹന്‍ലാല്‍ എത്തിയപ്പോഴെല്ലാം ബോക്സ്‌ ഓഫീസില്‍ വലിയ കിലുക്കങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.  പുതിയ മഞ്ജു വാര്യര്‍ ചിത്രത്തിന് മോഹന്‍ലാലിന്‍റെ സാന്നിധ്യം ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.  വിഷുവിന് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രങ്ങള്‍ ഒന്നും റിലീസ് ചെയ്യാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.

മോഹന്‍ലാലായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് അദ്ദേഹത്തിനും മലയാളിക്കും പുതിയ കാര്യമല്ല.   മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ‘മനു അങ്കിളി’ലും, മകന്‍ പ്രണവിനൊപ്പം ‘ആദി’യിലും  മോഹന്‍ലാലായി മോഹന്‍ലാല്‍ എത്തുന്നുണ്ട്.

‘നിറക്കൂട്ട്’, ‘രാജാവിന്‍റെ  മകന്‍’, ‘ന്യൂഡല്‍ഹി’, ‘സംഘം’, ‘നായര്‍ സാബ്’, ‘ഇന്ദ്രജാലം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയ ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘മനു അങ്കിള്‍’. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തിയത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ ‘മോഹന്‍ലാല്‍’ ആയി അഭിനയിക്കുന്നുണ്ട്.

മ്യൂസിയത്തിലെ കിരീടം മോഷ്ടിച്ച ആള്‍ എന്നു തെറ്റിദ്ധരിച്ച് കുട്ടികള്‍ മോഹന്‍ലാലിനു പുറകെ പോകുന്നതും, ഒടുവില്‍ താന്‍ കള്ളനല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുമാണ്.

“ഞാന്‍ കള്ളനൊന്നുമല്ല, അത്യാവശ്യം സിനിമയിലൊക്കെ അഭിനയിക്കുന്ന ആളാണ്, പേര് മോഹന്‍ലാല്‍,” എന്നു പറഞ്ഞ് അദ്ദേഹം അഭിനയിക്കുന്ന ആ രംഗം മനു അങ്കിളിലെ സൂപ്പര്‍ ഹിറ്റായ ഒന്നായിരുന്നു.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയും പേരു പറഞ്ഞ് തമ്മില്‍ തല്ലുന്ന ഫാന്‍സിനു വരെ അറിയാം ജീവിതത്തില്‍ ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ ആണെന്ന്. ആ സൗഹൃദത്തിന്‍റെ പുറത്താണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നാണ് പറയുന്നത്.

Mohanlal, Pranav Mohanlal

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ‘ആദി.’ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’യിലും നമ്മുടെ ലാലേട്ടന്‍ മോഹന്‍ലാലായി തന്നെ എത്തുന്നുണ്ട്.

ആദി തന്‍റെ മാതാപിതാക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കടന്നു വരികയും അദ്ദേഹത്തോട് ആദിയും അമ്മയും സംസാരിക്കുകയും കൂടെ സെല്‍ഫിയെടുക്കുകയും ചെയ്യുന്നുണ്ട്. ഈ ഒരു രംഗത്തിന് മാത്രം തിയേറ്ററില്‍ എന്തൊരു ഓളമായിരുന്നു! ചിത്രത്തില്‍ ലാലേട്ടനൊപ്പം ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.

ഇത് കൂടാതെ ലാലേട്ടന്‍ എന്ന പേരില്‍ ഒരു കഥാപാത്രമായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  ‘സര്‍വ്വകലാശാല’ എന്ന ചിത്രത്തില്‍.

മൂന്നു തവണ എംഎം ബിരുദമെടുത്തിട്ടും കോളേജ് വിട്ടുപോകാത്ത കഥാപാത്രം. തന്‍റെ ജീവിത്തതില്‍ ഏകാന്തതയില്‍ ഒളിച്ചോടാന്‍ ക്യാമ്പസിനൊപ്പം ജീവിക്കുന്ന ആളാണ് ലാല്‍. ‘സര്‍വ്വകലാശാല’ 1987ലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ വേണു നാഗവള്ളിയാണ് സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിനു പുറമേ ജഗതി, സുകുമാരന്‍, ശ്രീനാഥ്, സന്ധ്യ തുടങ്ങിയവരായിരുന്നു സിനിമയിലെ അഭിനേതാക്കള്‍.

‘ഒരു കട്ട മോഹന്‍ലാല്‍’ ഫാനായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണ് വിഷുവിനു റിലീസ് ചെയ്യുന്ന ‘മോഹന്‍ലാല്‍’.  മമ്മൂട്ടിയ്ക്കും പ്രണവിനും കൈകൊടുത്ത ലാല്‍ മഞ്ജുവിനു കൈകൊടുക്കുമോ എന്ന് കാത്തിരുന്നു കാണാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ