‘രാമലീല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച അരുൺ ഗോപിയുടെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു. മോഹൻലാലും അരുൺ ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ടോമിച്ചൻ മുളകുപാടമാണ് നിർമാതാവ്. ‘പുലിമുരുകനു’ ശേഷം ടോമിച്ചൻ മുളകുപാടം മോഹൻലാലിനൊപ്പം വീണ്ടുമൊന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അരുൺ ഗോപി ഇതുവരെ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതിൽ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊാണ്ടുള്ള കുറിപ്പും കഴിഞ്ഞ ദിവസം സംവിധായകൻ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
ടോമിച്ചൻ മുളകുപാടം തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെയും നിർമ്മാതാവ്. പുലിമുരുകന്റെ ആക്ഷൻ ഡയറക്ടറായ പീറ്റർ ഹെയ്‍ന്‍ തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെയും ആക്ഷൻ ഡയറക്ടർ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹർഷനും നിർവ്വഹിക്കും. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നതെന്നും ചിത്രത്തിനായി പ്രണവ് സർഫിങ് പഠിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. ഒരു മാസത്തോളം ഇന്തോനേഷ്യയിലെ ബാലിയിൽ പോയി താമസിച്ചാണ് ചിത്രത്തിനു വേണ്ട സര്‍ഫിങ് തന്ത്രങ്ങള്‍ പ്രണവ് സ്വായത്തമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ ആണ് സര്‍ഫിങ് രംഗങ്ങളുടെ ചിത്രീകരണം നടന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ഗോവ, പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവയായിരുന്നു ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. പടത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളോ വിശദവിവരങ്ങളോ ഒന്നും പുറത്തുവിടാതെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നത്.
മോഹന്‍ലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ല്‍ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വര്‍ഷങ്ങള്‍ക്കുശേഷം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടു’മായി പ്രണവ് എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രം ഡോണിന്റെ കഥയല്ലെന്നും പേരില്‍ മാത്രമേ സിനിമയ്ക്ക് മോഹന്‍ലാലിന്റെ സിനിമയുമായി സാമ്യമുളളൂവെന്നും സംവിധായകന്‍ അരുണ്‍ ഗോപി നേരത്തേ പ്രഖ്യാപിച്ചിരുന്നു.