അഭിനയത്തിലെ തിളക്കം ഗാനാലാപനത്തിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങി സുരാജ് വെഞ്ഞാറമൂട്. സുരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെയാണ് സുരാജ് ഗായകനാകുന്നത്. ഗാനത്തിന്റെ റിലീസ് നിര്‍വ്വഹിച്ചത് മോഹന്‍ലാലായിരുന്നു.

പാട്ടുകേട്ട മോഹന്‍ലാല്‍ സുരാജിനെ അഭിനന്ദിക്കുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്റെ ശിവനേ എന്നു തുടങ്ങുന്ന ഗാനം തയ്യാറാക്കിയ അണിയറ പ്രവര്‍ത്തകരേയും മോഹന്‍ ലാല്‍ അഭിനന്ദിച്ചു. പ്രശസ്ത ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പാട്ടുകേട്ട ശേഷം മോഹന്‍ലാല്‍ സുരാജിനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അനുമോദിക്കുന്നതും വിഡിയോയിലുണ്ട്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ചക്ക പാട്ടും ഹിറ്റായിരുന്നു. വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ഗാനവും ഗാനരംഗങ്ങളും ഏറെ പ്രശംസ നേടിയിരുന്നു. സംഗീത സംവിധാന രംഗത്തേക്കുള്ള സയനോരയുടെ കടന്നു വരവിനും ചിത്രം വേദിയായി മാറിയിരിക്കുകയാണ്.

ചിത്രത്തില്‍ കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയെന്ന മലയാള സിനിമയിലെ സ്ഥിരം പൊലീസ് കഥാപാത്രമായാണ് സുരാജ് എത്തുന്നത്. നാളെയാണ് ഗാനത്തിന്റെ പൂര്‍ണ്ണ വീഡിയോ പുറത്തിറങ്ങുന്നത്. ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ