മോഹന്‍ലാല്‍ ആടുതോമയായും തിലകന് ചാക്കോമാഷായും അഭ്രപാളികളിൽ ജീവിച്ച ‘സ്ഫടികം’ മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നാണ്. അധ്യാപകനായ അച്ഛനും അച്ഛന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ പ്രയാസപ്പെടുന്ന മകനുമായി തിലകനും മോഹന്‍ലാലും അഭിനയിച്ചു അനശ്വരമാക്കിയ ചിത്രം. 28 വർഷങ്ങൾക്ക് ശേഷം 4Kശബ്ദ-ദൃശ്യ വിസ്മയങ്ങളോടെ ‘സ്ഫടികം’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.
“എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?,” മോഹൻലാൽ ചോദിക്കുന്നു.
സിനിമയുടെ 25-ാം വാർഷികസമയത്താണ്, പ്രമുഖ തിയേറ്ററുകളിൽ ‘സ്ഫടിക’ത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സംവിധായകൻ ഭദ്രൻ പ്രഖ്യാപിച്ചത്. ഒടുവിൽ മൂന്നു വർഷങ്ങൾക്കിപ്പുറം ആ ശ്രമങ്ങൾ ഫലം കാണുകയാണ്. ‘സ്ഫടികം’ തിയേറ്ററിൽ കാണാൻ അവസരം ലഭിക്കാത്തവർക്ക് ഒരു സുവർണാവസരം കൂടി ഇതുവഴി കൈവരുകയാണ്.