മോഹന്‍ലാലും സിദ്ദിഖും ഒരുമിക്കുന്നു. ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹന്‍ലാലാണ് പുറത്ത് വിട്ടത്. ബിഗ് ബ്രദര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

2019 ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇരുവരും അവസാനം ഒരുമിച്ച ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ വിജയിച്ചിരുന്നില്ല. അതുകൊണ്ട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത സിദ്ദിഖിന്റെ തിരിച്ചു വരവായിരിക്കും ഈ ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒക്ടോബര്‍ 11 ന് പുറത്തിറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയും പിന്നാലെ വരുന്ന രഞ്ജിത്തിന്റെ ഡ്രാമയുമാണ് മോഹന്‍ലാലിന്റെ റിലീസ് കാത്തു നില്‍ക്കുന്ന ചിത്രങ്ങള്‍. നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന ചിത്രം എന്നതാണ് ഡ്രാമയുടെ പ്രത്യേകത.

അതേസമയം, ജയസൂര്യ നായകനായെത്തിയ ഫുക്രിയാണ് സിദ്ദിഖിന്റെ അവസാന മലയാള ചിത്രം. ഇതിന് പിന്നാലെ ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ് പതിപ്പും സിദ്ദിഖ് സംവിധാനം ചെയ്തിരുന്നു. അരവിന്ദ് സ്വാമിയും അമലാ പോളുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ