ഫോര്‍ബ്സ് മാസികയുടെ ദ ഫോര്‍ബ്സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും. കായികം, സിനിമ, സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുള്ളവരെയാണ് സെലിബ്രിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോഹ്‌ലിയാണ് മുന്‍പന്തിയില്‍. അഞ്ചാമതാണ് സച്ചിന്‍ തെൻഡുല്‍ക്കറിന്റെ സ്ഥാനം.

മലയാള സിനിമയില്‍നിന്ന് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും പട്ടികയിലുണ്ട്. 73-ാമതാണ് മോഹന്‍ലാലിന്റെ സ്ഥാനം. 79-ാമതാണ് ദുല്‍ഖര്‍. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, പി.വി.സിന്ധു, ആലിയ ഭട്ട് എന്നിവരും ആദ്യ 25 പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തെന്നിന്ത്യന്‍ കലാകാരന്മാരില്‍ എ.ആര്‍.റഹ്മാനാണ് ഏറ്റവും മുന്‍പില്‍. 12-ാം സ്ഥാനത്താണ് അദ്ദേഹം. തമിഴ് സിനിമാ താരങ്ങളില്‍ സൂര്യയാണ് ഒന്നാമത് (25). അജിത് (27), വിജയ് (29) എന്നിവരാണ് സൂര്യയ്ക്ക് തൊട്ടുപിറകില്‍. 15-ാം സ്ഥാനത്ത് സംവിധായകന്‍ എസ്.എസ്.രാജമൗലിയും 22-ാം സ്ഥാനത്ത് ബാഹുബലി താരം പ്രഭാസും ഇടം നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ