നാൽപതു വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയ ചലച്ചിത്രപ്രവർത്തകനാണ് ഭദ്രൻ. സ്ഫടികം, അയ്യർ ദി ഗ്രേറ്റ്, അങ്കിൾ ബൺ, പൂമുഖപടിയിൽ നിന്നെയും കാത്ത്, ഉടയോൻ, തുടങ്ങി അനവധി ചിത്രങ്ങൾ ഭദ്രന്റെ സംവിധാനത്തിൽ ഒരുങ്ങി. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രമാക്കിയുള്ളതാണ് ഭദ്രന്റെ മിക്ക സിനിമയും.
പുതുവത്സരാഘോഷത്തിന്റെ ചിത്രങ്ങളാണ് ഭദ്രൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “എന്റെ പുതുവർഷത്തിന്റെ തുടക്കം ലാലിന്റെ നാവിൽ ഇരട്ടിമധുരം കൊടുത്തുകൊണ്ടായിരുന്നു…” എന്ന് കുറിച്ചാണ് മോഹൻലാൽ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ ഭദ്രൻ പങ്കുവച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും ചിത്രങ്ങളിൽ കാണാം.
ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ചിത്രത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള തിരക്കുകളിലാണ് അണിയറപ്രവർത്തകർ. സ്ഫടികത്തിലെ ശ്രദ്ധ നേടിയ ഗാനങ്ങിലൊന്നാണ് ‘ഏഴിമല പൂഞ്ചോല’ എന്നത്. ഈ ഗാനം മോഹൻലാൽ പാടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സിനിമയുടെ 25-ാം വാർഷികസമയത്താണ്, പ്രമുഖ തിയേറ്ററുകളിൽ ‘സ്ഫടിക’ത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സംവിധായകൻ ഭദ്രൻ പ്രഖ്യാപിച്ചത്. ഒടുവിൽ മൂന്നു വർഷങ്ങൾക്കിപ്പുറം ആ ശ്രമങ്ങൾ ഫലം കാണുകയാണ്. ‘സ്ഫടികം’ തിയേറ്ററിൽ കാണാൻ അവസരം ലഭിക്കാത്തവർക്ക് ഒരു സുവർണാവസരം കൂടി ഇതുവഴി കൈവരുകയാണ്.