വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ‘ മോണ്‍സ്റ്റര്‍’ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിനെന്നു അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നെങ്കിലും പുതുമയൊന്നും ചിത്രത്തിലില്ലെന്നാണ് പ്രതികരണങ്ങള്‍ ഉയരുന്നത്. തീയറ്ററുകളില്‍ ആളുകളെ പിടിച്ചിരുത്തിയത് ദീപക് ദേവിന്റെ സംഗീതം തന്നെയാണ്.
ചിത്രത്തില്‍ നൃത്ത സംവിധായകന് പ്രസന്ന ചിട്ടപ്പെടുത്തിയ ‘ഗൂം ഗൂം’ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍, ഹണി റോസ്, സുദേവ് നായര്‍, സംവിധായകന് വൈശാഖ് എന്നിവരെ വീഡിയോയില്‍ കാണാം. പ്രസന്ന തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ ഇങ്ങനെയാണ് ഞങ്ങള്‍ ഗൂം ഗൂം സോങ്ങിന്റെ ഷൂട്ട് അവസാനിപ്പിച്ചത് ‘ എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്കു നല്‍കിയിരിക്കുന്നത്.
ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ‘മോണ്‍സ്റ്റര്‍’ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.