മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ഡ്രാമ’യുടെ ഷൂട്ടിങ് ലണ്ടനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്. ‘ദൃശ്യം’, ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് ‘ഡ്രാമ’യിലൂടെയാണ്. ഫുള്‍ എക്‌സൈറ്റ്‌മെന്റിലാണ് തങ്ങള്‍ എന്നാണ് രണ്ടു പേരും പറയുന്നത്.

ലണ്ടനിലെ റോഡിലൂടെ ഇരുവരും കാറോടിച്ചു പോകുന്ന വീഡിയോ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഈ വീഡിയോയിലാണ് തങ്ങള്‍ ആകാംക്ഷയിലാണ് എന്ന് താരങ്ങള്‍ പറയുന്നത്.

ഇവരെ കൂടാതെ സുരേഷ് കൃഷ്‌ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

‘ബിലാത്തികഥ’ എന്ന ചിത്രം രഞ്ജിത്ത് യുകെയില്‍ വച്ച് ഷൂട്ട് ചെയ്യുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച ‘ബിലാത്തികഥ’യുടെ തിരക്കഥയും സംഭാഷണവും സേതുവാണ്. ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ് യുകെ ലിമിറ്റഡ്, വര്‍ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരിക്കും എന്നായിരുന്നു നേരത്തെ വന്ന വിവരം. ഉണ്ണി ആറിന്റെ ‘ലീലയ്‌ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയായിരുന്നു ബിലാത്തികഥ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ