മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് ഇന്ന് ഒരു പ്രധാനപെട്ട ദിവസമാണ്. സിനിമാ അഭിനയം, നിര്‍മ്മാണം, വിതരണം എന്നീ മേഖകളിലെ വലിയ സാന്നിദ്ധ്യമായ അദ്ദേഹത്തിന്റെ കരിയറിലെ രണ്ടു പ്രസക്തമായ ‘Diversifications’ നടക്കുന്ന ദിനമാണ് ഇന്ന്. മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യുടെ സാരഥിയായി അദ്ദേഹം ചുമതലയേല്‍ക്കും എന്നുള്ളതാണ് ആദ്യത്തേത്. മലയാള റിലായിറ്റി ഷോ രംഗത്തേക്ക് അവതാരകനായി അദ്ദേഹം രംഗപ്രവേശം ചെയ്യുന്ന ‘ബിഗ്‌ ബോസ് മലയാളം’ ആരംഭിക്കുന്നതും ഇന്ന് തന്നെയാണ്.

‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് രാവിലെ പതിനൊന്ന് മണി മുതല്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞാണ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പുതിയ നേതൃനിര സ്ഥാനമേല്‍ക്കുക. മമ്മൂട്ടി ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത് ഇടവേള ബാബുവാണ്. വൈസ് പ്രസിഡന്റുമാരായി ഗണേശ്, മുകേഷ് എന്നിവരും, സെക്രട്ടറിയായി സിദ്ദിഖും, ട്രഷററായി ജഗദീഷും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരെക്കൂടാതെ ഇന്ദ്രന്‍സ്, സുധീര്‍ കരമന, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി എന്നിവരും എക്‌സിക്യൂട്ടീവ് ബോഡിയിലെ അംഗങ്ങളാകും.

ഏഷ്യാനെറ്റിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ‘ബിഗ്‌ ബോസ്’ എന്ന റിയാലിറ്റി ഷോ ആരംഭിക്കുന്നത്. ഇന്ന് വൈകിട്ട് 7 മണി മുതലാണ്‌ ഇതിന്റെ സംപ്രേക്ഷണം ആരംഭിക്കുക. ഹിന്ദിയില്‍ ആരംഭിച്ച ‘ബിഗ് ബോസ്’ അവതരിപ്പിച്ചിരുന്നത് സല്‍മാന്‍ ഖാനായിരുന്നു. തമിഴില്‍ കമല്‍ഹാസനും. മലയാളത്തില്‍ മോഹന്‍ലാല്‍ ആണ് ‘ബിഗ്‌ ബോസ്’. ഇതിനു മുന്‍പ് ചില ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായി എത്തിയതൊഴിച്ചാല്‍ റിയാലിറ്റി ഷോ രംഗത്തേക്കുള്ള മോഹന്‍ലാലിന്റെ ചുവടുവയ്‌പാണ് ‘ബിഗ്‌ ബോസ്’.

ഇന്ത്യയിലെ ഏറ്റവും റേറ്റിങ് ഉള്ള ഷോ ആയ ‘ബിഗ് ബോസ്’ മലയാളത്തിലേക്കെത്തുമ്പോള്‍, അവതാരകനായി എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സാധാരണ ഷോകളില്‍ നിന്നും വ്യത്യസ്‌തമാണ് ‘ബിഗ്‌ ബോസി’ന്റെ അവതരണം. ‘ബിഗ് ബോസി’നെ കാണാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ ശബ്‌ദം മാത്രമേ കേള്‍ക്കൂ. മത്സരാര്‍ഥികള്‍ക്ക് ‘ബിഗ് ബോസി’നോട് സംസാരിക്കാനുണ്ടെങ്കില്‍, കണ്‍ഫഷന്‍ റൂം ഉണ്ടായിരിക്കും, അവിടെ പോയി ഇരുന്ന് മനസു തുറക്കാം. ഇന്ന് മുതല്‍ നൂറു ദിവസമാണ് ‘ബിഗ്‌ ബോസ്’ സംപ്രേക്ഷണം ഉണ്ടാവുക.

ഈ രണ്ടു ചുവടു വയ്‌പുകളും മലയാളിയെ സംബന്ധിച്ചും മലയാള സിനിമാ രംഗത്തെ സംബന്ധിച്ചും വളരെ പ്രസക്തമാണ്. സജീവമായ പൊതു-മാധ്യമ ഇടപെടലുകള്‍ ആവശ്യപ്പെടുന്നതാണ് രണ്ടു കാര്യങ്ങളും. മോഹന്‍ലാലാകട്ടെ, അക്കാര്യത്തില്‍ എന്നും പിന്നോട്ട് നീങ്ങി മാറിയിരുന്ന ആളും. ‘അമ്മ’യുടെ പ്രസിഡന്റ്‌ സ്ഥാനത്ത് മോഹന്‍ലാലിന് മുന്‍പ് ഉണ്ടായിരുന്നത് മുതിര്‍ന്ന നടനും എംപിയുമായിരുന്ന ഇന്നസെന്റ്‌ ആയിരുന്നു. റിയാലിറ്റി ഷോ വേദികളില്‍ മോഹന്‍ലാലിന് മുന്‍പേ എത്തിയ മലയാള നടന്‍ സുരേഷ് ഗോപിയാണ്. ഇവരുടെ രീതികളുമായിട്ടാവും ഒരുപക്ഷേ മോഹന്‍ലാല്‍ താരതമ്യം ചെയ്യപ്പെടുക. പുതിയ റോളുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പുതിയ മാനങ്ങള്‍ തുറന്നു കാട്ടും എന്ന് പ്രത്യാശിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook