‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന അജോയ് വര്‍മ്മ ചിത്രം ഷൂട്ടിംഗ് തുടങ്ങി. മോഹന്‍ലാല്‍ ജനുവരി 9 ന് ജോയിന്‍ ചെയ്യും എന്നാണ് വാര്‍ത്തകള്‍.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കും. ചിത്രത്തിനായി മോഹന്‍ലാല്‍ 30 ദിവസം മാറ്റി വച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുംബൈ, സതര, മംഗോളിയ, തായ്‌ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന ചിത്രം മെയ്‌ 4 ന് റിലീസ് ചെയ്യാന്‍ ആണ് പദ്ധതി.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സാജു തോമസായിരിക്കും പുതിയ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസം മിബു ജോസ് നെറ്റിക്കാടനുമായിരിക്കും.

മലയാള സിനിമയിലെ തന്നെ ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ശ്രീകുമാര്‍ മേനോന്‍റെ സംവിധാനത്തില്‍ ഒടിയന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരകന്‍ എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

കൂടുതല്‍ വായിക്കാം:അട്ടഹാസങ്ങളെ നിശബ്ദമാക്കി ‘ഒടിയന്‍ വെളിച്ചത്ത്

‘ഒടിയനു’ വേണ്ടി മോഹന്‍ലാല്‍ ഭാരം കുറച്ചു വലിയ രൂപമാറ്റങ്ങള്‍ നടത്തിയിരുന്നു.   ജീവിതത്തിലെ മൂന്നു അവസ്ഥകള്‍ പറയുന്ന ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അഭിനയിക്കാന്‍ വേണ്ടിയായിരുന്നു അത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ