മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹൻലാൽ , ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന മോൺസ്റ്റർ ഓഗസ്റ്റ് 21ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതേസമയം, ചിത്രത്തിന്റെ ഉള്ളടക്കത്തിന്റെ പേരിൽ മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്‍റെ പേരിലാണ് ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് എന്നാണ് റിപ്പോർട്ടുകൾ.
മലയാളത്തിൽ അധികം ചർച്ച ചെയ്തിട്ടില്ലാത്തൊരു വിഷയത്തെ ധൈര്യപൂർവ്വം അവതരിപ്പിക്കുകയാണ് മോൺസ്റ്റർ എന്ന് മോഹൻലാൽ പറയുന്നു. “മോൺസ്റ്ററിന്റെ പ്രമേയം തന്നെയാണ് പ്രത്യേകത. ഒരുപക്ഷേ മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം. ഹീറോ, വില്ലൻ എന്നിങ്ങനെയുള്ള കോൺസെപ്റ്റ് ഈ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഇതിൽ തിരക്കഥ തന്നെയാണ് നായകനും വില്ലനും. മോൺസ്റ്ററിനെക്കുറിച്ച് ഇത്രയേ പറയാൻ പറ്റൂ. വളരെ അപൂർവമാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാൻ ഒരു നടനെന്ന നിലയിൽ സാധിക്കുന്നത്. ഈ സിനിമയിൽ അഭിനയിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.” ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോയിൽ മോഹൻലാൽ പറയുന്നു.
ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ലുക്ക് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടികഴിഞ്ഞു.
“ഒരു മാസ് സിനിമയല്ല മോൺസ്റ്റർ. ഇതുവരെ കാണാത്ത ഒരു പരീക്ഷണമാണ്,” എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ വൈശാഖ് പറയുന്നത്.
ഭമിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഹണി റോസ് അവതരിപ്പിക്കുന്നത്. “വളരെ വ്യത്യസ്തമായ ചിത്രമാണിത്. ഒരുപക്ഷേ ഞാൻ ചെയ്ത ഏറ്റവും മികച്ച കഥാപാത്രം ഭാമിയാവാം. ധാരാളം ഷേഡുകളുണ്ട് ഈ കഥാപാത്രത്തിന്. ഭാമിയാണ് ചിത്രത്തിലുടനീളം സ്ഥിരമായി നിൽക്കുന്നത്,” തന്റെ കഥാപാത്രത്തെ കുറിച്ച് ഹണി റോസ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം. വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.