മറ്റ് സിനിമാ മേഖലകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് മലയാള സിനിമയിലെ സൗഹൃദ കൂട്ടായ്മ. മലയാള സിനിമയിലെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം എത്രത്തോളം ആഴമുള്ളതാണെന്ന് പ്രേക്ഷകര്‍ക്ക് അറിവുള്ളതാണ്. മറ്റ് ഭാഷകളിലെ സൂപ്പര്‍ സ്റ്റാറുകള്‍ വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം ഒന്നിച്ചഭിനയിച്ചപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച സിനിമകള്‍ അമ്പതിലേറെയുണ്ട്. സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്.
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ മോഹന്‍ലാലിനും ചിലത് പറയാനുണ്ട്. ‘മാമാങ്കം’ മലയാള സിനിമാ ലോകത്ത് ഒരു ഉത്സവമായിത്തീരട്ടെ എന്നാണ് മോഹന്‍ലാലിന് പറയാനുള്ളത്. അതിനായി എല്ലാവിധ ആശംസകളും താന്‍ നേരുന്നതായും മോഹന്‍ലാല്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മോഹൻലാലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്..മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..
ഡിസംബർ 12 നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം തിയറ്ററുകളിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാ ലോകം മാമാങ്കത്തിനായി കാത്തിരിക്കുന്നത്. വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.
Read Also: താടിക്കാരൻ മടങ്ങിയെത്തി; പൃഥ്വിയെ കണ്ട സന്തോഷം പങ്കുവച്ച് സുപ്രിയ
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Read Also: പന്ത് വിക്കറ്റ് കീപ്പറാകുമ്പോൾ…;കാര്യവട്ടത്ത് സഞ്ജുവിന്റെ സാധ്യതകൾ ഇങ്ങനെ
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം, മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.