Mohanlal Birthday, Happy Birthday Mohanlal: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും.
മമ്മൂട്ടി, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിന്റെ ഇഷ്ടതാരങ്ങളെല്ലാം പ്രിയനടന് ആശംസകൾ നേർന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹൻലാലിനെ ഗുരുനാഥൻ എന്ന് വിളിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ ആശംസ. താരങ്ങൾക്കൊപ്പം സാംസ്കാരിക രംഗത്തെ പ്രമുഖരും മോഹനലാലിന് ആശംസകൾ നേരുന്നുണ്ട്.
1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച 20-കാരൻ മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു.
വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.

മലയാളസിനിമയുടെ സുവർണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. 1983 ൽ ഇരുപത്തിയഞ്ചോളം പടങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചത്. പിന്നീടങ്ങോട്ട് സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബിമലയിൽ, ശ്രീനിവാസൻ, ഫാസിൽ, ഐ വി ശശി എന്നിങ്ങനെ അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ കൈകോർത്തപ്പോൾ പിറന്നത് മലയാളി എന്നും ഓർത്തിരിക്കുന്ന അതിമനോഹരമായ ഒരുപിടി ചിത്രങ്ങളാണ്. നാലു പതിറ്റാണ്ടിനിടെ 350 ലേറെ ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.
മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണ്. ‘ലൂസിഫർ’ ആദ്യമായി 200 കോടി കളക്റ്റ് ചെയ്യുന്ന മലയാളചിത്രം എന്ന വിശേഷണവും സ്വന്തമാക്കിയിരുന്നു.

അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും അദ്ദേഹം തന്റെ പ്രതിഭ രേഖപ്പെടുത്തി. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്കാരം നല്കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്നന്റ് കേണല്‍ സ്ഥാനവും നല്കി.
ട്വിറ്ററിലൂടെയാണ് ആശംസ നേർന്നത്
ഇൻസ്റ്റാഗ്രാമിലൂടെ മോഹൻലാലിന് ആശംസകൾ നേർന്ന് ജയസൂര്യ. ഗുരുനാഥന് പിറന്നാൾ ആശംസകൾ എന്നാണ് ജയസുരേ കുറിച്ചത്.
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകളുമായി കുഞ്ചാക്കോ ബോബൻ