Mohanlal Birthday Live Updates, Happy Birthday Mohanlal: നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയം മോഹൻലാലിന് അറുപത് വയസ്സ് തികഞ്ഞ വേളയില്‍ അദ്ദേഹത്തിനു ആശംസകളുമായി സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും എത്തി. രാവിലെ മുതല്‍ തന്നെ വിവിധ മാധ്യമങ്ങളുമായി സംസാരിച്ച മോഹന്‍ലാല്‍ തന്റെ ഇത്രയും നാളത്തെ അഭിനയജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ കൂടി ഈ അവസരം വിനിയോഗിച്ചു.
നാല് പതിറ്റാണ്ട് കാലത്തെ കലാജീവിതത്തെക്കുറിച്ച് ലാല്‍ പറഞ്ഞതിങ്ങനെ.
“ഇവിടെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് വിശ്വസിക്കാനാവുന്നില്ല. എത്ര ദൂരം… എത്ര മാത്രം അധ്വാനം! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങൾ! കൂട്ടായ്മയുടെ വിജയങ്ങൾ! ആരൊക്കെയോ ചൊരിഞ്ഞ സ്നേഹങ്ങൾ! ആരുടെയൊക്കെയോ കരുതലുകൾ! തിരിഞ്ഞു നോക്കുമ്പോൾ എന്റെ ശിരസ് കുനിഞ്ഞു പോകുന്നു. നന്ദിയോടെ: എന്റെ കണ്ണുകൾ നനഞ്ഞു പോകുന്നു… കടപ്പാടോടെ…”
Mohanlal Birthday Live Updates, Happy Birthday Mohanlal: അറുപതിന്റെ നിറവില്‍ മോഹന്‍ലാല്‍
നിലവില്‍ ചെന്നൈയിലെ വസതിയില്‍ കുടുംബത്തോടൊപ്പമാണ് മോഹന്‍ലാല്‍ ഉള്ളത്. നാനാ തുറകളില്‍ ഉള്ളവര്‍ ഇന്നലെ മുതല്‍ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് എത്തിയിരുന്നു. താരത്തിന്റെ ഷഷ്ടിപൂര്ത്തിയുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനുകളും വലിയ ആഘോഷ-സഹായ പദ്ധതികള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ പിറന്നാള്‍ വിശേഷങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം തന്നെ ഇവിടെ വായിക്കാം.
Read Here: Mohanlal Birthday: അറുപതിന്റെ നിറവില്‍ മോഹന്‍ലാല്‍, ജന്മദിനം ആഘോഷമാക്കാന്‍ മലയാളം

ലാലിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
“അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.
ആപത്ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ അദ്ദേഹം തയ്യാറായി. നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂർത്തി ഘട്ടത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു,” മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു.
മോഹൻലാൽ ഫാൻസ് അസോസിയേഷൻ അവയവദാന സമ്മതപത്രം കൈമാറി
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ പിറന്നാൾ ദിനം ആഘോഷങ്ങൾ ഒഴിവാക്കി ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗങ്ങളുടെ അവയവദാന സമ്മത പത്രം ഏരിയ കമ്മിറ്റി സെക്രട്ടറി അഖിൽ ടി എം മൃതസഞ്ജീവനിക്ക് വേണ്ടി കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പലും, തിരുവനന്തപുരം മോഡൽ സ്കൂളിലെ മോഹൻലാലിന്റെ സഹപാഠി കൂടി ആയിരുന്ന ഡോ. എൻ റോയിക്ക് കൈമാറി.
മെഡിക്കൽ കോളേജിൽ നടന്ന പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എൻ റോയിയെ കൂടാതെ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ കെ. സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ ഡി. മനോജ്, എ. ആർ. എം. ഒ ഡോ മനോജ് കുമാർ, അവയവദാന കോ ഓർഡിനേറ്റർ റോബിൻ എന്നിവരും സംബന്ധിച്ചു.
എന്റെ ശിരസ് കുനിഞ്ഞു പോകുന്നു. നന്ദിയോടെ: എന്റെ കണ്ണുകൾ നനഞ്ഞു പോകുന്നു… കടപ്പാടോടെ…
തന്റെ വിശേഷങ്ങളും സ്വപ്നങ്ങളും ചിന്തകളും വേദനകളുമെല്ലാം പലപ്പോഴും ‘ദ കംപ്ലീറ്റ് ആക്റ്റർ’ എന്ന ബ്ലോഗിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള മോഹൻലാൽ പിറന്നാൾ ദിനത്തിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയേമാവുന്നത്.
“ഇവിടെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് വിശ്വസിക്കാനാവുന്നില്ല. എത്ര ദൂരം… എത്ര മാത്രം അധ്വാനം! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങൾ! കൂട്ടായ്മയുടെ വിജയങ്ങൾ! ആരൊക്കെയോ ചൊരിഞ്ഞ സ്നേഹങ്ങൾ! ആരുടെയൊക്കെയോ കരുതലുകൾ! തിരിഞ്ഞു നോക്കുമ്പോൾ എന്റെ ശിരസ് കുനിഞ്ഞു പോകുന്നു. നന്ദിയോടെ: എന്റെ കണ്ണുകൾ നനഞ്ഞു പോകുന്നു… കടപ്പാടോടെ….
കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്നും വരുന്ന ആ ആറാം ക്ലാസ്സുകാരൻ… അവൻ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ച് നിർത്തിയത്. വേളൂർ കൃഷ്ണൻകുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുൻപേ സഞ്ചരിച്ച ഒന്നായിരുന്നു എന്നു മാത്രം ഞാനോർക്കുന്നു.
കമ്പ്യൂട്ടറിനെ കുറിച്ച് അധികം കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാലത്ത് കമ്പ്യൂട്ടറിനെ കുറിച്ച് എഴുതിയ നാടകം. അത് കഴിഞ്ഞും അഭിനയത്തെക്കുറിച്ച് ഞാൻ ആലോചിച്ചതേയില്ലായിരുന്നു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ കായകൽപ്പം എന്ന നാടകത്തിൽ വീണ്ടും അഭിനയിച്ചു. ഈ രണ്ടു നാടകത്തിലും ഞാൻ ഏറ്റവും നല്ല നടന്റെ സമ്മാനവും വാങ്ങിച്ചു. അത് കഴിഞ്ഞ് കോളേജിൽ പഠിക്കുമ്പോൾ വീണ്ടും ഞാൻ നല്ല നടനായി മാറി. അപ്പോഴും അഭിനയം എന്റെ ഒരു പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന ബോധ്യവുമില്ലായിരുന്നു. പിന്നീട് ‘തിരനോട്ടം’ എന്ന സിനിമയിൽ അഭിനയിച്ചു. എല്ലാറ്റിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നിൽ നിന്ന് ഭാവങ്ങൾ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാത്ത ഞാൻ എന്തൊക്കെയോ ചെയ്തു. അത് ഇങ്ങനെയൊക്കെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.”
എന്റെ ലാലിന്: ആശംസയുമായി മമ്മൂട്ടി
“ലാലിന്റെ ജന്മദിനമാണ്. ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 37 വർഷങ്ങൾ കഴിഞ്ഞു. ‘പടയോട്ട’ത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്നു വരെ…
എന്റെ സഹോദരങ്ങൾ വിളിക്കുന്നതു പോലെയാണ് ലാലെന്നെ സംബോധന ചെയ്യുന്നത്, ഇച്ചാക്ക… പലരും ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്രത്തോളം സന്തോഷം തോന്നാറില്ല. പക്ഷേ ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളിൽ ഒരാൾ എന്ന തോന്നൽ.
സിനിമയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പേരായിരുന്നു. ജീവിതത്തിൽ അന്ന് ഞങ്ങൾ അത്ര ഗൗരവമുള്ള ആളുകളായിരുന്നില്ല. കോളേജ് വിദ്യാർത്ഥികളെ പോലെ ആടിയും പാടിയും. തൊഴിലിനോട് പക്ഷേ രണ്ടാൾക്കും ഗൗരവമേറിയ സമീപനമായിരുന്നു.
എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം ഒക്കെ സ്വന്തം വീട്ടിലെ വിവാഹം പോലെ ലാൽ നടത്തി തന്ന കാര്യങ്ങളാണ്. അപ്പുവിന് ആദ്യമായി സിനിമയിൽ മുഖം കാണിക്കും മുൻപ് എന്റെ വീട്ടിൽ വന്ന് അനുഗ്രഹവും സ്നേഹവും പ്രാർത്ഥനയും വാങ്ങി. സിനിമാതാരങ്ങൾ എന്നതിലപ്പുറം ഞങ്ങൾക്കുള്ളിൽ ഒരു സൗഹൃദം വളർന്നിരുന്നു.
ഈ യാത്ര നമുക്കു തുടരാം, ഇനിയെത്ര കാലം എന്നറിയില്ല, പക്ഷേ ഉള്ള കാലത്തോളം നമുക്കിത് തുടരാം. പുഴയൊഴുകുന്ന പോലെ, കാറ്റു വീശുന്നതു പോലെയായിരുന്നു നമ്മുടെ യാത്ര… നമ്മുടെ ജീവിതപാഠങ്ങൾ നമുക്ക് പിന്നാലെ വരുന്നവർക്ക് അറിയാനും അനുഭവിക്കാനുമുള്ള പാഠങ്ങളാവട്ടെ.
മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ.”
ഒറ്റ ഫ്രെയിമിൽ ഒതുക്കാനാവില്ല ഈ മൂർത്തിയെ
‘ചിലരെ വിശേഷിപ്പിക്കേണ്ടി വരുമ്പോൾ മാത്രമാണ് ഭാഷയിലെ വാക്കുകൾ പോരാ എന്ന് തോന്നും’ എന്ന വിശേഷണത്തോടെയാണ് സംവിധായകന് ഷാജി കൈലാസ് മോഹന്‍ലാലിനെ ക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. അദ്ദേഹത്തിന്റെ അഭിനയപ്രതിഭയെ വലിയ വാക്കുകളില്‍ വിശേഷിപ്പിക്കുന്ന ഷാജി കൈലാസ്, തന്റെ തന്നെ വിഖ്യാതമായ ‘ആറാം തമ്പുരാന്’ എന്ന ചിത്രത്തിലെ ‘ശംഭോ മഹാദേവാ’ എന്ന ഡയലോഗം ചേര്‍ത്താണ് ലാലിന് ആശംസ നല്‍കിയിരിക്കുന്നത്.
“അതൊരു കടലാണ്. ചിലപ്പോൾ ഹിമാലയം പോലൊരു പർവതം. ചിലപ്പോൾ തോന്നും അതൊരു ആകാശമാണെന്ന്. നോക്കിയാൽ നക്ഷത്രങ്ങളെ കാണാം. മറ്റു ചിലപ്പോൾ ഘോരവനം. ചിലപ്പോൾ തടാകം. ചിലപ്പോൾ ഋതുക്കൾ. സംഗീതം… സ്വപ്നം. ജീവിതം….
ചിലരെ വിശേഷിപ്പിക്കേണ്ടി വരുമ്പോൾ മാത്രമാണ് ഭാഷയിലെ വാക്കുകൾ പോരാ എന്ന് തോന്നാറ്. എത്ര പറഞ്ഞാലും മതി വരാത്തത്.
ക്ഷീരപഥങ്ങൾക്കുമപ്പുറം വെണ്മ നിറഞ്ഞൊരു പാലാഴി. അതിൽ സമസ്ത ഭാവങ്ങളുടെയും മൂർത്തി. അഭിനയത്തിന്റെ ആ മൂർത്തിയെയാണ് ഞാൻ സെല്ലുലോയ്ഡിലേക്കു ആവാഹിക്കാൻ ശ്രമിച്ചത്.
അർജുനനെ പോലെയാണ് അദ്ദേഹം. എടുക്കുമ്പോൾ ഒന്ന്. കുലക്കുമ്പോൾ പത്ത്. തൊടുക്കുമ്പോൾ നൂറ്. കൊള്ളുമ്പോൾ ആയിരം… ആ മുഖത്ത് വിരിയുന്ന ഭാവങ്ങളുടെ വ്യാകരണങ്ങൾ കണ്ട് വിസ്മയിച്ച് നിന്നു പോയിട്ടുണ്ട്. ലൊക്കേഷനിലേക്ക് വരുമ്പോൾ പ്രസരിപ്പിച്ച ഊർജം..! അതല്ല ക്യാമറക്ക് മുമ്പിൽ വന്നു നിൽക്കുമ്പോൾ..! അതൊന്നുമല്ല അഭിനയിച്ചു തുടങ്ങുമ്പോൾ..! വെള്ളിത്തിരയിൽ നിറഞ്ഞാടലിന്റെ വിരാടദർശനം. പരിണാമത്തിന്റെ, പരകായ പ്രവേശത്തിന്റെ, അഭിനയ കലയുടെ മാന്ത്രിക അവതാര പൂർണത.
അതാണ് അയാൾ കരയുമ്പോൾ ലോകർ കരയുന്നത്. അതു കൊണ്ടാണ് അയാൾ പകവീട്ടാൻ ഇറങ്ങുമ്പോൾ ലോകർ കൈയ്യടിച്ചത്.
ഒരു ഏകമുഖ രുദ്രാക്ഷം ഇരട്ട പുലിനഖങ്ങൾക്കു നടുവിൽ അതിങ്ങനെ കിടക്കുന്നു. പലതും ഓർമിപ്പിച്ചു കൊണ്ട്.
കാലം കല്പനയാണ്. മായയും. അത് പോയാലും പോവാതെ നിൽക്കുന്ന പലതുമുണ്ട്. ആ പലതിൽ പ്രധാനിയും പ്രമാണിയുമാണ് ഈ മനുഷ്യൻ.
അഭിനയത്തിന്റെ ആത്മീയത സുമനസ്സുകളിലേക്കു സന്നിവേശിപ്പിക്കാൻ ഇദ്ദേഹം കാണിച്ച വൈഭവങ്ങൾക്ക് നാം ആരോടാണ് കടപ്പെട്ടിരിക്കുന്നത്..?
മലയാളികൾക്ക് കിട്ടിയ ‘മഹാനിധി’യാണ് നമ്മളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട മോഹൻലാൽ…! ചിലർ മഹത്വപ്പെടുന്നത് ചിലരോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് കൊണ്ട് കൂടിയാണ്. അഭിനയം ഒരു യജ്ഞമാണെന്നു പറയാതെ പറയുന്നു മോഹൻലാൽ.
മോഹനം ഒരു രാഗമാണെങ്കിൽ, മോഹൻലാൽ സംഗീതമാണ്. ശ്രുതി പിഴക്കാത്ത സ്വരശുദ്ധിയുള്ള ലക്ഷണമൊത്ത ശാസ്ത്രീയ സംഗീതത്തിന്റെ സമന്വയം. അതു കൊണ്ടാണ് ഈ മഹാപ്രതിഭയെ ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ കഴിയാത്തത്. എന്നും പുതുമ മാത്രം തരുന്ന, നമ്മുടെ ഹൃദയവികാരങ്ങളെ നിർമ്മലീകരിക്കുന്ന ഗംഗ പോലെ ആ മഹാപ്രവാഹം ഒഴുകിക്കൊണ്ടിരിക്കുന്നതും അത് കൊണ്ട് തന്നെ.
ജന്മദിനം എന്നത് നമ്പറുകളുടെ കളി മാത്രമാണ്. ഇത്രയും കാലത്തിനുള്ളിൽ എന്ത് ചെയ്തു എന്നത് മാത്രമാണ് പ്രധാനം. ആ പ്രാധാന്യത്തിന്റെ പ്രാധാന്യമാണ് മോഹൻലാൽ എന്ന ആ മഹാ നടനെ പ്രധാനിയാക്കുന്നത്.
എന്നും, എപ്പോഴും… ശംഭോ മഹാദേവ..
പ്രിയ സുഹൃത്തിന്, സഹോദരന്, താരത്തിന്, ഇതിഹാസത്തിന്, എല്ലാറ്റിനും ഉപരി നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമക്ക് ഒരായിരം ജന്മദിനാശംസകൾ,” ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കാലമൊരു റീട്ടേക്കിനവസരം തന്നാൽ?: മോഹന്‍ലാല്‍ പറയുന്നു
‘കാലമൊരു റീട്ടേക്കിനവസരം തന്നാൽ എങ്ങനെ സ്വീകരിക്കും?’ മാതൃഭൂമിയുടെ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇങ്ങനെയൊരു ചോദ്യം നേരിട്ടത്. ‘ഇങ്ങനെയൊക്കെ മതി എന്നു പറയു’മെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
“ഇതു തന്നെ യാദൃച്ഛികമായി ഇങ്ങനെയൊക്കെയായതാണ്. ഇനി വീണ്ടുമെടുത്തത് കുഴപ്പമാക്കണോ? പിന്നെ, ഇത്രയും കാലം ജീവിച്ചു എന്നതു തന്നെ അദ്ഭുതമാണ്. എത്രയോ അപകടഘട്ടങ്ങൾ കടന്നു പോന്നിരിക്കുന്നു. കാലം ഏറെ കലുഷമായിക്കഴിഞ്ഞു. ഇവിടെ ഇനിയുമൊരു ‘തിരനോട്ടം’ വേണോ?,” ലാല്‍ കൂട്ടിച്ചേര്‍ത്തു.
നടനും സൂപ്പർ താരവുമായിരിക്കുക എന്ന അസാധ്യതയെ പൂവിറുക്കുന്ന ലാഘവത്തോടെ സാധ്യമാക്കിക്കൊണ്ടിരിക്കുന്ന മോഹൻലാൽ
“നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന അഭിനയ ജീവിതം. മൂന്നു പതിറ്റാണ്ടിലേറെയായി, മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർ താരം. ഒരേസമയം നമ്മുടെ ഏറ്റവും മികച്ച നടനും ഏറ്റവും വലിയ സൂപ്പർ താരവുമായിരിക്കുക എന്ന അസാധ്യതയെ പൂവിറുക്കുന്ന ലാഘവത്തോടെ സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ്, ശ്രീ. മോഹൻലാൽ. മോഹൻലാൽ എന്ന നടനെ സംബന്ധിച്ചിടത്തോളം, 60 എന്നത്, അദ്ദേഹത്തിന്റെ യാത്രയിലെ ദൂരം കുറിച്ചിട്ടിരിക്കുന്ന ഒരു ദിശാസൂചി മാത്രം. പിറക്കാനിരിക്കുന്ന അത്ഭുതങ്ങളിലേക്കാണ് ആ ശരം തിരിച്ചു വെച്ചിരിക്കുന്നത്. ലാൽ സാർ,സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ,” സംവിധായകന് ബി ഉണ്ണികൃഷ്ണന് തന്റെ ആശംസകളെ ഉപസംഹരിച്ചത് ഇങ്ങനെ.

ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടന്
‘മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍… ആകാശംതൊടുന്ന കൊടുമുടി… തപോവനത്തിലെ വലിയ അരയാല്‍… മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്… എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ. ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനിൽക്കാൻ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം. ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. അപ്പോഴൊക്കെ അദ്ഭുതത്തോടെ കണ്ടിട്ടുണ്ട്, മുന്നില്‍ ഓരോ തുള്ളിയിലും ഒരുപാടൊരുപാട് ഭാവങ്ങള്‍ ഓളം വെട്ടുന്നത്. ഒരു പുഴയില്‍ രണ്ടാമതൊരുവട്ടം ഇറങ്ങാനാവില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ… നിരന്തരം… ഒരുപാട് കാലം… പിറന്നാള്‍ ആശംസകൾ !!!,’ നടി മഞ്ജു വാര്യര്‍ കുറിച്ചു.
പ്രായം പ്രശ്നമല്ല, ആരോഗ്യമുള്ളിടത്തോളം കാലം ആളുകളെ രസിപ്പിക്കാന്‍ ഇവിടെയുണ്ടാകും
‘അറുപതു വയസ്സ് തികഞ്ഞു. മടിയില്ലാതെ അത് ലോകത്തോട് വിളിച്ചു പറയുകയും ചെയ്യുന്നു. എങ്ങനെ കാണുന്നു ഇതിനെ?’
പിറന്നാള്‍ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തത്സമയം ചേര്‍ന്ന മോഹന്‍ലാലിനോട് അവതാരക ചോദിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ മോഹന്‍ലാല്‍ മറുപടി നല്‍കിയത് ഇങ്ങനെ.
“എന്റെ അച്ഛനും ചേട്ടനും ഒക്കെ അറുപതു വയസായിരുന്നു. നിങ്ങള്‍ക്കും അറുപതാകും. അത് കൊണ്ട് അതൊരു വിഷയമല്ല. പ്രായം ഒരു പ്രശ്നമാണ് എന്ന് തോന്നുന്നില്ല. ആരോഗ്യം നന്നായിരിക്കുന്ന കാലത്തോളം അഭിനയിക്കാനും രസിപ്പിക്കാനും നൃത്തം ചെയ്യാനും ഒക്കെ സിനിമാ-നാടക അഭിനയ രംഗത്ത് ഞാന്‍ ഉണ്ടാകും എന്നാണു കരുതുന്നത്.”
പിറന്നാള്‍ ദിനത്തില്‍ തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് താരം സംഭാഷണം അവസാനിപ്പിച്ചത്.
ആരാധകരുടെ ആഘോഷം ഇങ്ങനെ
മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്ഫെയെര് അസോസിയേഷന്റെ (AKMFCWA) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന വിവധ തരം പരിപാടികള്‍ നടത്തുന്നു.
- മൃതസഞ്ജീവിനി – മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആയ സംസ്ഥാന സര്‍ക്കാറിന്റെ മൃതസഞ്ജീവിനി പദ്ധതിയിലേക്ക് വിവിധ ജില്ലകളിലെ AKMFCWA പ്രവര്‍ത്തകര്‍ അവയവദാന സമ്മതപത്രം കൈമാറും
- ലാല്‍ ഇല്ലം – നാല് ജില്ലകളില്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും
- ഒരു കൈത്താങ്ങ് – പാലക്കാട് ജില്ലയിലെ ക്യാന്‍സര്‍ രോഗിക്ക് ഒരു ലക്ഷത്തിപതിനൊന്നായിരത്തി ഒരു (₹111111) രൂപ കൈമാറുന്നു.
- അന്നദാനം – സംസ്ഥാനത്തെ വിവിധ ഓര്‍ഫനേജുകളില്‍ ഉച്ചഭക്ഷണം നല്‍കും
- രക്തദാനം മഹാദാനം – സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ AKMFCWA പ്രവര്‍ത്തകര്‍ രക്തദാനം ചെയ്യുന്നു
- നാളേയ്ക്കായി ഒരു തണല്‍ – സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
- ചേര്‍ത്ത് നിര്‍ത്താം – സിനിമാ മേഖലയില്‍ ഏറ്റവും അടിത്തട്ടില്‍ ജോലി ചെയ്യുന്ന അസംഘടിത പോസ്റ്റര്‍ പേസ്റ്റിങ് തൊഴിലാളികള്‍ക്ക് ഒരു ദിവസത്തെ വേതനവും പച്ചക്കറി, ധാന്യവര്‍ഗങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കും
- കമ്മ്യൂണിറ്റി കിച്ചണ്‍ – കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉടനീളം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷണവും ഭക്ഷ്യധാന്യ വസ്തുക്കളും നല്‍കും
- കുടിവെളളം – സര്‍ക്കാര്‍ ആശുപത്രികളില്‍ പാക്കേജഡ് മിനറല്‍ വാട്ടര്‍ വിതരണം
- നനയുന്ന കഴിവുകള്‍ക്ക് കുട ചൂടാം
- കോട്ടയം ജില്ലയിലെ ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരുടെ കായിക മല്‍സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന യുവാവിന്റെ മഴക്കാലത്ത് ചോര്ന്നൊലിക്കാറുളള വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി മാറാനുളള ധനസഹായം.
ചേട്ടന് പിറന്നാള്‍ ആശംകകള് നേര്‍ന്ന് പൃഥ്വിരാജ്-സുപ്രിയ ദമ്പതികള്‍
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ലേറ്റസ്റ്റ് ഹിറ്റ് ആണ് നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍.’ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രം ബോക്സോഫീസില്‍ വലിയ വിജയമാണ് കണ്ടത്. തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടു. ‘എമ്പുരാന്’ ലൂസിഫര്‍ രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട ചേട്ടന്’ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ്-സുപ്രിയ ദമ്പതികള്‍.
എന്റെ ലാലു നീണാള്‍ വാഴട്ടെ: Priyadarshan Wishes Mohanlal
പ്രിയദര്ശന് മോഹന്‍ലാലിന്റെ ചെറുപ്പകാലത്തെ കൂട്ടുകാരനായ മോഹൻലാലിന്റെ യാത്രയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. മോഹന്‍ലാലിന്റെ അഭിനയ മോഹം കണ്ടെത്തി അദ്ദേഹത്തിന്റെ ചിത്രം ഫാസിലിന് അയച്ചു കൊടുത്തത് പ്രിയദര്‍ശനാണ്. തുടര്‍ന്ന് നവോദയയുടെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. പ്രിയദര്‍ശനും പിന്നീട് മലയാള സിനിമയിലെ പേരെടുത്ത സംവിധായകനായി മാറി. ഇരുവരും ചേര്‍ന്നപ്പോഴെല്ലാം പിറന്നത് സൂപ്പര്‍ ഹിറ്റുകള്‍. ഏറ്റവും ഒടുവിലായി റിലീസ് കാത്തിരിക്കുന്ന ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ വരെ പ്രിയന്-മോഹന്‍ലാല്‍ കൂട്ട്കെട്ടു എത്തി നില്ക്കുന്നു. പ്രിയ ലാലുവിനു ആശംസകള്‍ നേര്‍ന്ന് കൊണ്ട് പ്രിയദര്ശന് ഇങ്ങനെ പറയുന്നു.
Happy Birthday Mohanlal: Wishes, Status, Greetings, Messages
മോഹൻലാൽ ജീവിതരേഖ: Mohanlal Biography
1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് മുടവൻമുഗളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മോഹൻലാലിന്റെ ഏകസഹോദരൻ പ്യാരേലാലും അച്ഛൻ വിശ്വനാഥൻ നായരും ഇന്ന് ജീവിച്ചിരിപ്പില്ല. ‘കിളിക്കൊഞ്ചൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ 2000 ലാണ് മരിക്കുന്നത്. അച്ഛൻ വിശ്വനാഥൻ നായർ 2007ലും മരിച്ചു. അച്ഛന് വിശ്വനാഥന് നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷനും താരം അടുത്തിടെ ആരംഭിച്ചിരുന്നു.. നിര്‍മ്മാതാവ് ബാലാജിയുടെ മകള്‍ സുചിത്രയാണ് മോഹന്‍ലാലിന്റെ ഭാര്യ. മക്കള്‍ പ്രണവ്, വിസ്മയ