മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ‘രാജാവിന്റെ മകൻ’ റിലീസിനെത്തിയിട്ട് ഇന്നേക്ക് 33 വർഷങ്ങൾ പിന്നിടുന്നു. 33 വർഷങ്ങൾക്കിപ്പുറവും ‘രാജാവിന്റെ മകനെ’യും വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനെയും മലയാളി മറന്നിട്ടില്ലെന്ന് ഓർമ്മപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങൾ. #33YearsOfRajavinteMakan എന്ന ഹാഷ് ടാഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡായി കൊണ്ടിരിക്കുന്നത്.

ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം, മോഹൻലാൽ എന്ന നടനെ ഇപ്പോൾ കാണുന്ന സൂപ്പർ താര പദവിയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്ന ചിത്രം കൂടിയായിരുന്നു. സിനിമയോളം തന്നെ ആ ചിത്രത്തിലെ കഥാപാത്രമായ വിൻസെന്റ് ഗോമസ് എന്ന അധോലോക രാജകുമാരനും ആഘോഷിക്കപ്പെട്ടു.

1986 ലാണ് ‘രാജാവിന്റെ മകൻ’ റിലീസിനെത്തിയത്. മോഹൻലാലിനൊപ്പം രതീഷ്, സുരേഷ് ഗോപി, അംബിക തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം സൂപ്പർഹിറ്റായതിനൊപ്പം ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “മനസിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ” , “രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്, ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കൊലും സിംഹാസനവുമുളള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്, രാജകുമാരൻ, രാജാവിന്റെ മകൻ”- തുടങ്ങിയ ഡയലോഗുകളെല്ലാം ആരാധകർ ഏറ്റുപറഞ്ഞു. ഇന്നും മോഹൻലാലിന്റെ ഏറ്റവും പോപ്പുലറായ സിനിമാ ഡയലോഗുകളെടുത്താൽ അതിൽ ‘രാജാവിന്റെ മകനും’ പെടും. ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആയിരുന്നു. ഉണ്ണിമേനോൻ ആലപിച്ച ‘വിണ്ണിലെ ഗന്ധർവ്വ വീണകൾ’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് തമ്പി കണ്ണന്താനവുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു എന്നും മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. തമ്പി കണ്ണന്താനത്തിന്റെ മരണവേളയിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ടാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്, “എന്റെ അഭിനയജീവിതത്തിലെ ഏറ്റവും നിർണായകമായ സിനിമകളിലൊന്നായിരുന്നു രാജാവിന്റെ മകൻ. ‘രാജാവിന്റെ മകൻ’ വീണ്ടുമൊരിക്കൽ കൂടി പുനർസൃഷ്ടിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു, ചർച്ചകളും നടത്തിയിരുന്നു. പലകാരണങ്ങൾ കൊണ്ട് അതു നടന്നില്ല.”

Read more: തമ്പി കണ്ണന്താനത്തെ അനുസ്മരിച്ച് മോഹൻലാൽ

മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായിരുന്നു ‘രാജാവിന്റെ മകനി’ലെ വിൻസെന്റ് ഗോമസ്. എന്നാൽ വിൻസെന്റ് ഗോമസിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള നിയോഗം മോഹൻലാലിനെ തേടിയെത്തുകയായിരുന്നു. വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം താനും സംവിധായകനും മമ്മൂട്ടിയ്ക്കു വേണ്ടി മാറ്റിവെച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് പറഞ്ഞു. മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ‘നിറക്കൂട്ടുകളില്ലാതെ’ എന്ന തന്റെ ആത്മകഥയിലാണ് ഡെന്നീസ് ജോസഫ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

“അന്നത്തെ കാലത്ത്, സാധാരണ രീതിയിൽ ഒരുവിധം നിർമ്മാതാക്കളൊന്നും അംഗീകരിക്കാൻ സാധ്യതയില്ലാത്ത സബ്ജെക്ട്. നായകൻ തന്നെയാണ് വില്ലൻ. പക്ഷേ തമ്പി കണ്ണന്താനത്തിന് ആ കഥാസാരം കേട്ടപ്പോൾ തന്നെ ഇഷ്ടമായി. എനിക്ക് ഈ സിനിമ മമ്മൂട്ടി ചെയ്യണം എന്നായിരുന്നു ആഗ്രഹം. തമ്പിക്കും ഏറ്റവും അടുപ്പം മമ്മൂട്ടിയോടാണ്. അവർ ആത്മസുഹൃത്തുക്കളായിരുന്നു. പക്ഷേ, ‘ആ നേരം അൽപ്പദൂരം’ പരാജയപ്പെട്ടതോടു കൂടി വീണ്ടും ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു. മമ്മൂട്ടി വിജയം വരിച്ചു നിൽക്കുന്ന ഹീറോ ആണ്. മമ്മൂട്ടിയ്ക്ക് കഥ വളരെ ഇഷ്ടമായിരുന്നു. പക്ഷേ, തമ്പിയുടെ പടത്തിൽ അഭിനയിക്കാൻ മമ്മൂട്ടി എന്തോ വിസമ്മതിച്ചു. ഞാൻ നിർബന്ധിച്ചു, തമ്പി ഒരുപാട് നിർബന്ധിച്ചു. എന്നിട്ടും മമ്മൂട്ടി സമ്മതിച്ചില്ല,” ഡെന്നീസ് ജോസഫ് എഴുതുന്നു.

Read more: രാജാവിന്റെ മകൻ: നായകനാകേണ്ടിയിരുന്നത് മമ്മൂട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook