ഒടിയനിലെ മോഹന്‍ലാലിന്റെ രൂപത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സജീവമായ ചര്‍ച്ച. 18കിലോ കുറച്ച മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയും ടീസറും എത്തിയതോടെ ഈ ചര്‍ച്ച ഉച്ചസ്ഥായിയിലായി. മോഹന്‍ലാലിന്റെ വ്യക്തിമുദ്രയായ മീശയില്ലാതെയാണ് അദ്ദേഹം ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ ചുരുക്കം ചില ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം മീശയില്ലാതെ പ്രത്യക്ഷപ്പെട്ടിട്ടുളളത്. പഞ്ചാഗ്നി, വാനപ്രസ്ഥം, ഇരുവര്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. ഈ മൂന്ന് ചിത്രങ്ങളും എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളുമായി.

എന്നാല്‍ ഒടിയന്റെ ടീസര്‍ പുറത്തുവന്നതോടെ ചിലരെങ്കിലും നെറ്റിചുളിച്ചത് അസ്വാഭാവികമായ ഇതേ ഗെറ്റപ്പ് കണ്ടാണ്. സ്പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ഗംഭീരമായ മാറ്റം വളരെ വ്യക്തമാണ്.

അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയത്. മീശയില്ലാത്തെ വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.

മീശ പിരിച്ചുള്ള ലാലേട്ടന്റെ ഹിറോയിസമാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഇനി മീശയില്ലാത്ത കട്ട ഹീറോയിസം കാണാമെന്നും സംവിധായകൻ പറയുന്നു. വൻ വരവേൽപ്പാണ് ആരാധകർ ഒടിയന്റെ ടീസറിനു നൽകിയിരിക്കുന്നത്. 2018 ജനുവരി 5ഓടെയാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയൻ ചെറുപ്പമായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook