മലയാള സിനിമ ആസ്വാദകരുടെ പ്രീതി പിടിച്ചു പറ്റിയ ചിത്രമാണ് അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം വലിയൊരു പരീക്ഷണങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് മോഹൻലാൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’–മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിക്കുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘അങ്കമാലി ഡയറീസ്’ തിയേറ്ററുകളിലെത്തിയത്. ആമേൻ, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. നടനായ ചെമ്പൻ വിനോദിന്റേതാണ് തിരക്കഥ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.