29ാം നൂറ്റാണ്ടിൽ സംഗീത ലോകം ശ്രവിച്ച ഏറ്റവും സുന്ദരമായ ആ ശബ്ദം നിലച്ചിട്ട് ഇന്നേക്ക് 31 വർഷം. 1980 ജൂലൈ 31ന് ഏറെ ഞെട്ടലോടെയാണ് മുഹമ്മദ് റാഫി ഓർമ്മയായി എന്ന വാർത്ത ലോകം കേട്ടത്. പ്രണയത്താലും വിരഹത്താലും ലക്ഷോപലക്ഷങ്ങളുടെ ഹൃദയം കവർന്ന ശബ്ദം.

അമൃതസറിനടുത്ത് കോട്‌ല സുൽത്താൻ സിംഗ്‌ എന്ന സ്ഥലത്താണ്‌ റഫിയുടെ ജനനം. ജന്മിയായ ഹാജിഅലിമുഹമ്മദ്‌ ആണ് പിതാവ്. മാതാവ് അല്ലാ രാഹ മുഹമ്മദ്ശാഫി, ദീൻ, ഇസ്മായിൽ, ഇബ്രാഹിം, സിദ്ദീഖ് എന്നീ സഹോദരൻമാരും ചിരാഗ്, രേഷ്മ എന്നീ സഹോദരിമാരും ഉണ്ടായിരുന്നു.

റഫിയുടെ മൂത്തസഹോദരീ ഭർത്താവ്‌ സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉസ്താദ്‌ ബഡേ ഗുലാം അലി ഖാൻ, ഉസ്താദ്‌ അബ്ദുൾ വാഹിദ്‌ ഖാൻ, പണ്ഡിത്‌ ജീവൻലാൽ മട്ടോ, ഫിറോസ്‌ നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ്‌ ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല. അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും ചെയ്തു. അതായിരുന്നു‌ റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം വയസിലായിരുന്നു.

റഫിയുടെ ആദ്യഗാനം 1944-ൽ പുറത്തിറങ്ങിയ എ.ആർ.കർദാറുടെ പെഹ്‌ലേ ആപ്‌ എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാൻ കേ ഹം ഹേൻ എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ഗോൻ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌ അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും പാടി. ഇതാണ്‌ റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook