വിഖ്യാത ഗായകൻ മുഹമ്മദ് റഫി വിട പറഞ്ഞിട്ട് നാൽപത് വർഷം.  1980 ജൂലൈ 31നാണ് റാഫിയുടെ വിയോഗവാർത്ത ഏറെ ഞെട്ടലോടെ ലോകം കേട്ടത്. പ്രണയത്താലും വിരഹത്താലും ലക്ഷോപലക്ഷങ്ങളുടെ ഹൃദയം കവർന്ന ശബ്ദം നിലച്ചിട്ട് നാൽപത് വർഷം തികയുകയാണ് ഇന്ന്.

1924 ഡിസംബർ 24ന് അമൃതസറിനടുത്ത് കോട്‌ല സുൽത്താൻ സിംഗ്‌ എന്ന സ്ഥലത്താണ്‌ റഫിയുടെ ജനനം. ഹാജിഅലിമുഹമ്മദ്‌ ആണ് പിതാവ്. മാതാവ് അല്ലാ രാഹ മുഹമ്മദ്ശാഫി. ദീൻ, ഇസ്മായിൽ, ഇബ്രാഹിം, സിദ്ദീഖ് എന്നീ സഹോദരൻമാരും ചിരാഗ്, രേഷ്മ എന്നീ സഹോദരിമാരും ഉണ്ടായിരുന്നു.

റഫിയുടെ മൂത്ത സഹോദരീ ഭർത്താവ്‌ സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉസ്താദ്‌ ബഡേ ഗുലാം അലി ഖാൻ, ഉസ്താദ്‌ അബ്ദുൾ വാഹിദ്‌ ഖാൻ, പണ്ഡിത്‌ ജീവൻലാൽ മട്ടോ, ഫിറോസ്‌ നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ്‌ ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല. അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും ചെയ്തു. അതായിരുന്നു‌ റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം വയസിലായിരുന്നു.

1944 ൽ അദ്ദേഹം ബോംബെയിലേക്ക് മാറി. ആദ്യം ഗാനങ്ങളുടെ കോറസിൽ പാടാൻ തുടങ്ങി. 10 രൂപ മാത്രമായിരുന്നു അന്ന് പ്രതിഫലം ലഭിച്ചത്. തുടർന്ന് ഇതിഹാസ സംഗീത സംവിധായകൻ നൗഷാദ് അലിയുടെ കീഴിൽ റാഫിക്ക് ഗാനങ്ങൾ ലഭിക്കാൻ തുടങ്ങി.

റഫിയുടെ ആദ്യഗാനം 1944-ൽ പുറത്തിറങ്ങിയ എ.ആർ.കർദാറുടെ പെഹ്‌ലേ ആപ്‌ എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാൻ കേ ഹം ഹേൻ എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ഗോൻ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌ അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും പാടി. ഇതാണ്‌ റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌.

നൗഷാദിന് പുറമെ എസ്‌ഡി ബർമൻ, ശങ്കർ-ജയ്കിഷൻ, രവി, ഒപി നയ്യാർ, മദൻ മോഹൻ, ലക്ഷ്മികാന്ത്-പ്യാരേലാൽ, കല്യാൺജി-ആനന്ദ് ജി തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പവും മികച്ച ഗാനങ്ങൾ റാഫിയുടെ സ്വരത്തിൽ പുറത്തിറങ്ങി. മുകേഷ്, കിഷോർ കുമാർ എന്നിവർക്കൊപ്പം ഹിന്ദി സിനിമാ സംഗീതലോകത്തെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന ഗായകരിലൊരാളായിരുന്നു മുഹമ്മദ് റാഫി.

കേരളത്തിലുൾപ്പെടെ നിരവധി ആരാധകർ അദ്ദേഹത്തിനുണ്ടായിരുന്നു. ഹിന്ദിക്ക് പുറമെ മൈഥിലി, ഭോജ്പുരി, ബംഗാളി, തമിഴ്, തെലുങ്ക്, പഞ്ചാബി ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിരുന്നു. ഏഴായിരത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ഹിന്ദിയടക്കമുള്ള ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് വേണ്ടി ആലപിച്ചത്.

1980 ജൂലൈ 31 ന് മരണപ്പെടുമ്പോൾ വെറും 55 വയസ്സു മാത്രമായിരുന്നു റാഫിയുടെ പ്രായം. അദ്ദേഹത്തിന്റെ മരണം ഹിന്ദി ചലച്ചിത്ര രംഗത്തിന് കനത്ത ആഘാതമായി, ആരാധകരെ ദുഃഖത്തിലാഴ്ത്തി. മരണത്തിനു ശേഷം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലക്ഷക്കണക്കിന് ഹൃദയങ്ങളിൽ പ്രിയപ്പെട്ട ശബ്ദമായി മുഹമ്മദ് റാഫിയുടെ ആ മാന്ത്രിക സ്വരം നിറഞ്ഞു നിൽക്കുന്നു.

Read More: Mohammed Rafi: The finest of the bygone era

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook