Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന നാടാണ് നമ്മുടേത്: ജിലു ജോസഫ്‌

എന്‍റെ അഭിമാനവും അവകാശവുമാണ് എന്റെ ശരീരം, അതിന്‍റെ പേരില്‍ എന്തു ലേബല്‍ കിട്ടിയാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും, ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രമായ്‌ എത്തിയതിനെക്കുറിച്ച് ജിലു ജോസഫ്‌

മുലയൂട്ടല്‍ എന്ന തീര്‍ത്തും ജൈവികമായൊരു പ്രക്രിയയെ അത്യന്തം ലൈംഗിക തൃഷ്ണയോടെ കാണുന്ന കേരള സമൂഹത്തില്‍,  മാതൃഭൂമി എന്ന മുഖ്യധാരാ പ്രസിദ്ധീകരണം, അവരുടെ വനിതാ മാസികയായ ഗൃഹലക്ഷ്മില്‍  മുലയൂട്ടുന്ന ഒരു സ്ത്രീയെ അതിന്‍റെ കവര്‍ ഫോട്ടോ ആയി അവതരിപ്പിക്കുന്നു. കവര്‍ഗേളായി എത്തുന്നത് മോഡലും നടിയും എഴുത്തുകാരിയുമായ ജിലു ജോസഫ്‌ ആണ്.

സദാചാര മാമൂലുകളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം ഈ കവര്‍. അതിലേക്ക് എത്തിയതിനെക്കുറിച്ച്, നഗ്നതെയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച്, നാട്ടുകാരെന്തു പറയും എന്ന ഭയത്തെക്കുറിച്ച്… ജിലു ഐഇ മലയാളത്തോട് സംസാരിക്കുന്നു.

? മലയാളത്തില്‍ ആദ്യമായാണ് ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ കവറായി മുലയൂട്ടുന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നത്. എങ്ങനെയാണ് ഈ പ്രൊജക്ടിലേക്ക് എത്തിയത്.

ഇങ്ങനെയൊരു പ്രൊജക്ട് ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ആദ്യം എനിക്കൊരു മെയിലാണ് വന്നത്. വിഷയം കേട്ടപ്പോള്‍ തന്നെ രണ്ടാമതൊന്നും ആലോചിക്കാതെ ഞാന്‍ സമ്മതം മൂളി.

? കേരളം പോലൊരു സമൂഹത്തില്‍ ഇതൊരു വിപ്ലവമാണോ?

കുഞ്ഞിനെ മുലയൂട്ടുക എന്നത് ഒരു അമ്മയ്ക്കു മാത്രം കിട്ടുന്ന പ്രിവിലേജ് ആയാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഭ്രൂണാവസ്ഥമുതല്‍ ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്ന്, ഒമ്പതുമാസത്തിനു ശേഷം ഒരുപാട് വേദനിച്ച് ആ കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒരമ്മയ്ക്ക് തിരിച്ചു ലഭിക്കുന്ന ഒരു ഗിഫ്റ്റ്. അതിനെ സമൂഹം വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അതില്‍ അസ്വഭാവികത വരുന്നത്. ഇതു വളരെ സ്വാഭാവികമായൊരു കാര്യമാണ് എന്ന് ആദ്യം സ്ത്രീകള്‍ മനസ്സിലാക്കണം. പക്ഷെ എങ്ങിനെയൊക്കെയോ നമ്മള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത് അതിനെ നാണിക്കാനും ഭയക്കാനുമാണ്, അല്ലേ? ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഈ ക്യാംപെയിനില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ട്. എന്തിനേയും ലൈംഗികത കലര്‍ത്തി കാണുന്നിടത്താണ് പ്രശ്‌നം. ഇതൊരു സൗന്ദര്യമുള്ള കാര്യമല്ലേ കൂട്ടുകാരെ, അതില്‍ എന്തു തെറ്റാണുള്ളത്? ഏതു ദൈവമാണ് കോപിക്കുന്നത്? ഉള്ളിന്‍റെ ഉള്ളില്‍ നമുക്കെല്ലാവര്‍ക്കും സത്യമറിയാം. ഭയം മാത്രമാണ് നമ്മളെ എന്തില്‍നിന്നും പിന്തിരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഭയമാണെങ്കില്‍ വിവാഹം പോലും കഴിക്കാത്ത ഞാന്‍ ഇതിന് അഭിമാനത്തോടെ തയ്യാറാവുന്നു.

? ജിലു മോഡലിംഗ് രംഗത്തുള്ള ആളാണ്. എങ്കിലും കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇതിനോട് ‘യെസ്’ പറഞ്ഞപ്പോള്‍ സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നോ?

ഒരു സംശയവും ഉണ്ടായിരുന്നില്ല, ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. എന്‍റെ മനസാക്ഷിക്ക് ശരി എന്നു പൂര്‍ണ ബോധ്യമുള്ള കാര്യങ്ങളേ ഞാന്‍ ചെയ്യാറുള്ളൂ. ഇതും അങ്ങനെ തന്നെയായിരുന്നു. എന്തിന്‍റെയും പോസിറ്റീവ് വശം കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇതിനെ ‘പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരപ്രദര്‍ശനം നടത്തി’ എന്ന പറഞ്ഞു പഴകിയ രീതിയില്‍ ചിന്തിക്കുമ്പോഴേ തെറ്റായി തോന്നൂ. എന്തിനു വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത് എന്നെനിക്കറിയാം. പിന്നെ എന്തിനാണ് ടെന്‍ഷന്‍? ഇതിന്റെ പേരില്‍ എന്തുണ്ടായാലും വരുന്നിടത്തുവച്ചു കാണാം എന്നേ ഉള്ളൂ. എല്ലാ ദിവസവും രാവിലെ എണീറ്റ് ബാത്ത്‌റൂമില്‍ കയറി കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം നഗ്നത കണ്ടാല്‍ തീരുന്ന പ്രശ്‌നമേ മലയാളിക്ക് ഉള്ളൂ. എന്റെ ശരീരത്തെക്കുറിച്ച് വളരെ അഭിമാനിക്കുന്ന ആളാണ് ഞാന്‍. എന്റെ ശരീരം എന്റെ മാത്രം അവകാശമാണ്.

? ഈ പ്രൊജക്ടിനെക്കുറിച്ചു പറഞ്ഞപ്പോള്‍ വീട്ടുകാരുടെ പ്രതികരണം?

എന്‍റെ വീട് കുമളിയിലാണ്. അമ്മയും രണ്ടു സഹോദരിമാരുമാണ് ഉള്ളത്. ഒരാള്‍ കന്യാസ്ത്രീയാണ്. പാപ്പി (അപ്പന്‍) നേരത്തേ മരിച്ചു. ഈ പ്രൊജക്ടിനെക്കുറിച്ച് ആദ്യം ഞാന്‍ പറഞ്ഞത് ചേച്ചിയോടാണ്. ചേച്ചി സമ്മതിച്ചില്ല. വീട്ടില്‍ ആര്‍ക്കും സമ്മതമായിരുന്നില്ല. ഇപ്പോഴും അല്ല. പക്ഷെ അവരുടെ ആശങ്കകളും വിഷമവും എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അതിനെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എനിക്ക് ശരിയെന്നു തോന്നുന്ന കാര്യം ചെയ്യുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ ഇതിനൊന്നും സാധിക്കില്ല.

? ഒരു ഗ്രാമപ്രദേശത്തുനിന്നാണ് വരുന്നത്. മാഗസിന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ നാട്ടിലുള്ളവരുടെ പ്രതിരണം എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ

നാട്ടുകാരുടെ പ്രതികരണം എന്തുതന്നെയായാലും എനിക്ക് പ്രശ്‌നമില്ല. നോക്കൂ, 18-ാമത്തെ വയസ്സിലാണ് ഞാന്‍ എയര്‍ഹോസ്റ്റസ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. അന്നുമുതല്‍ സ്വന്തം ഇഷ്ടത്തിനു ജീവിക്കുന്ന ഒരു സ്ത്രീക്ക് ഈ നാട്ടില്‍ എന്തെല്ലാം പേരുദോഷം കിട്ടാമോ, അതെല്ലാം എനിക്കുണ്ട്. ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തത്, ഇഷ്ടമുള്ള വേഷം ധരിച്ചത്, രാത്രി യാത്ര ചെയ്തത്, ഇഷ്ടപ്പെട്ടയാളെ പ്രേമിച്ചത്, ഞാനായിട്ട് കണ്ടുപിടിച്ച ജോലി ഞാനായിട്ട് ഉപേക്ഷിച്ചത് എന്നു തുടങ്ങി എന്‍റെ പാപ്പി (അപ്പന്‍) മരിച്ചപ്പോള്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കാത്തതുവരെ എന്‍റെ പേരുദോഷങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്. പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്നതിനെല്ലാം എന്‍റെ മനഃസ്സാക്ഷിക്ക് ഉത്തരം ഉണ്ടെങ്കില്‍ മറ്റാര് എന്‍റെ പ്രവര്‍ത്തികളെക്കുറിച്ച് എങ്ങനെ വിലയിരുത്തിയാലും എനിക്ക് അതിനെ ഭയക്കേണ്ടതില്ലല്ലോ.

? അപ്പോള്‍ തീര്‍ച്ചയായും ഇതു പ്രശ്‌നമാകുമല്ലേ

പെണ്ണായാല്‍, കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന നാടല്ലേ (ചിരി). ഇതിന്റെ പേരില്‍ എന്തു ലേബല്‍ കിട്ടിയാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും. മാറ്റം തുടങ്ങേണ്ടത് നമ്മളില്‍ നിന്നുതന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ, എന്ത് പ്രശ്‌നമാണെന്ന് നമുക്ക് സ്വയം തോന്നുന്നുവോ, അത് പ്രശ്‌നം തന്നെയാണ്. എനിക്ക് ഈ തീരുമാനം അങ്ങനെ തോന്നിയില്ല. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് ഞാന്‍ വിചാരിക്കുമ്പോഴാണ് അത് പ്രശ്‌നമാകുന്നത്. എന്നും നമ്മള്‍ ഭയക്കുന്നത് ചുറ്റുമുള്ളവരെയാണ്. അവരുടെ ജഡ്ജ്‌മെന്റുകളെയാണ്. സത്യത്തില്‍ നമ്മള്‍ ഭയക്കേണ്ടത് നമ്മളെത്തന്നെയാണ്.

? ചിത്രത്തില്‍ കാണുന്ന നെറ്റിയിലെ ആ സിന്ദൂരം എന്തിനായിരുന്നു? വിവാഹിതരല്ലാത്ത അമ്മമാര്‍ക്കും തുറിച്ചു നോട്ടങ്ങളില്ലാതെ മുലയൂട്ടേണ്ടേ

ഇത്‌ ഗൃഹലക്ഷ്‌മിക്ക്‌ വേണ്ടി ഞാൻ ഏറ്റെടുത്ത അസൈൻമെന്റാണ്. ഇതിൽ അവർക്ക്‌ വേണ്ട രീതിയിലാണ് ഞാൻ ചെയ്യേണ്ടത്‌. എന്റെ വ്യക്തിപരമായ ക്യാമ്പൈൻ അല്ല ഇത്‌. ഇന്ന് ഈ നിമിഷം തന്റെ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച്‌ സ്വതന്ത്രയായി മറ്റൊന്നും പേടിക്കാതെ മുലയൂട്ടിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് പ്രൗഡ്‌ അമ്മമാർക്ക്‌ വേണ്ടിയുള്ളതാണ്, ഭാര്യമാർക്ക്‌ വേണ്ടിയുള്ളതാണ്.

? മോഡലാണ്, നടിയാണ്, എഴുത്തുകാരിയാണ്, എയര്‍ഹോസ്റ്റസ്സായിരുന്നു… ഒരുപാട് മേഖലകളുണ്ട് ജിലുവിന്. എന്നാലും എന്തിനോടാണ് ഒരല്‍പം ഇഷ്ടക്കൂടുതല്‍.

എല്ലാത്തിനോടും ഇഷ്ടമാണ്. എനിക്കിഷ്ടമുളളതേ ഞാന്‍ ചെയ്യാറുള്ളൂ. അത് വളരെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും. ഇപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ സന്ധ്യയോട് ഞാന്‍ സംസാരിക്കുന്നതും വളരെ ആസ്വദിച്ചാണ്.

ഈ വാര്‍ത്ത ഇംഗ്ലിഷില്‍ ഇവിടെ വായിക്കാം 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Model actor jilu joseph on her cover photo appearance in grihalakshmi

Next Story
രോഗശയ്യയില്‍ ആയിരുന്ന രജനികാന്തിന് വേണ്ടി ശ്രീദേവി നോമ്പ് അനുഷ്ഠിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express