ആമസോൺ പ്രൈമിലെ പുതിയ വെബ് സീരീസായ താണ്ഡവ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ. സെയ്ഫ് അലി ഖാൻ നായകനായ സീരീസ് ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നു എന്നാരോപിച്ച് കേന്ദ്രത്തിനും പരാതി നൽകി.

Read More: തല്ലില്ല, കള്ളുകുടിയില്ല, പരസ്ത്രീബന്ധമില്ല… പിന്നെന്താ പ്രശ്നം?

മുംബൈയിലെ ഘട്കോപർ പോലീസ് സ്റ്റേഷനിൽ താണ്ഡവ് നിർമാതാക്കൾക്കെതിരെ ബിജെപി എം‌എൽ‌എ രാം കദം ഞായറാഴ്ച പരാതി നൽകി. വെബ് സീരീസ്, അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകൻ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

അതേസമയം, താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വലിയ തോതിൽ റെഗുലേറ്ററി അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടക് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതി.

“താണ്ഡവ് നിർമ്മാതാക്കൾ മനഃപൂർവ്വം ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും ഹിന്ദു മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്യുന്നുവെന്നാണ് തോന്നുന്നത്,” കൊട്ടക് കത്തിൽ പറയുന്നു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെൻസർഷിപ്പിന്റെ അഭാവം ഹിന്ദു വികാരങ്ങൾക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണത്തിന് കാരണമാകുന്നുവെന്നും കോട്ടക് ആരോപിച്ചു.

ചിത്രത്തിന്റെ സംവിധായകൻ അലി ആബാസ് സഫർ, നടൻ ,സെയിഫ് അലിഖാൻ എന്നിവർക്കെതിരെ ചണ്ഡിഗഡ് പൊലീസിന് ബിജെപി പരാതി നൽകി. ചിത്രത്തിനെതിരെ ഡൽഹി പൊലീസിനും പരാതി ലഭിച്ചിട്ടുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് കൊട്ടക് തന്റെ കത്തിൽ പറഞ്ഞു. “ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ സ്വാതന്ത്ര്യത്തെ “അനാവശ്യമായി പ്രയോജനപ്പെടുത്തുന്നു”. ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ ഇല്ല. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ പ്രോഗ്രാം ചെയ്‌ത ടെലികാസ്റ്റുകളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്, വെറുപ്പ്, അശ്ലീലത എന്നിവ നിറഞ്ഞിരിക്കുന്നു. ചിലപ്പോൾ അവ ഹിന്ദുവിന്റെയും മതവികാരത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

വെബ്‌സീരീസ് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിരുന്നു. ബാന്‍താണ്ഡവ്‌നൗ, ബോയ്‌കോട്ട് താണ്ഡവ് തുടങ്ങിയ ഹാഷ്ടാഗിലായിരുന്നു പ്രചരണം. അണിയറപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും ആഹ്വാനമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook