വളരെ ചെറിയ പ്രായത്തില്‍ സിനിമയില്‍ സജീവമായ നിരവധി നടിമാരുണ്ട് മലയാളത്തിൽ. ശോഭന, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍. നിലവില്‍ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നായിക, ക്വീന്‍ എന്ന ചിത്രത്തിലെ സാനിയയാണ്. ഇപ്പോളിതാ മറ്റൊരു പത്താം ക്ലാസുകാരി നായിക നിരയിലേക്കെത്തുന്നു.

‘മോഹന്‍ലാല്‍’ എന്ന സിനിമയിലെ ‘ലാലേട്ടാ’ എന്ന പാട്ടു കണ്ട് ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത് മഞ്ജുവിന്‍റെ ‘കാര്‍ബണ്‍ കോപ്പി’ പോലിരിക്കുന്ന ആ പെണ്‍കുട്ടിയെ ആയിരുന്നു.

സ്ഫടികത്തിന്‍റെ പോസ്റ്ററില്‍ ആടുതോമയ്ക്ക് ഉമ്മ കൊടുത്ത്  ഏവിയേറ്റർ ഗ്ലാസെടുത്ത് വച്ചുള്ള ആ ചിരി!

ഗുരുവായൂര്‍ സ്വദേശിയായ കൃറ്റിക (Krittika) എന്ന പത്താംക്ലാസുകാരിയാണ് ‘മോഹന്‍ലാലി’ല്‍ മഞ്ജുവിന്‍റെ ചെറുപ്പം അവതരിപ്പിച്ചത്. സിനിമാ വിശേഷങ്ങള്‍ ഐ ഇ മലയാളത്തോട് പങ്കുവയ്ക്കുകയാണ് കൃറ്റിക.

Krittika

“എന്‍റെ അങ്കിള്‍ സിദ്ദു പനയ്ക്കല്‍ സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ്. അദ്ദേഹമാണ് സത്യത്തില്‍ എന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. അദ്യം ‘വില്ലാളി വീരനി’ലാണ് അഭിനയിക്കുന്നത്. പിന്നെ ‘ആമി’, ‘ആദി’, ‘മന്ദാരം,’ ‘മോഹന്‍ലാല്‍’.”

‘ആദിയി’ല്‍ കൃറ്റികയെ സ്‌ക്രീനില്‍ കാണിച്ച രംഗങ്ങളിലെല്ലാം തിയേറ്ററില്‍ ചിരിയായിരുന്നു.

“അപ്പുച്ചേട്ടന്‍റെ (പ്രണവ് മോഹനലാല്‍) കഥാപാത്രമായ ആദിയുടെ അയല്‍വാസിയായാണ് ആ ചിത്രത്തില്‍ വന്നത്. ഒരു പാട്ടും പാടാന്‍ സാധിച്ചു. ഭയങ്കര ഫണ്ണി ആയിട്ടുള്ള കഥാപാത്രമായിരുന്നു അതിലേത്. അപ്പുച്ചേട്ടന്‍റെ കൂടെ ജോലി ചെയ്യാനും നല്ല രസമാണ്. വളരെ സിമ്പിള്‍ ആണ് കക്ഷി. ഒരു ജാഡയും ഇല്ല. എല്ലാവരോടും സംസാരിക്കും. പിന്നെ സെറ്റില്‍ ഞങ്ങള്‍ ബ്രേക്ക് വരുമ്പോള്‍ ഇരുന്നു കളിക്കുകയൊക്കെ ചെയ്യുമായിരുന്നു.”

ചെറിയ വേഷങ്ങളാണെങ്കിലും മഞ്ജു വാര്യര്‍ക്കൊപ്പം രണ്ടു ചിത്രങ്ങളിലാണ് കൃതിക അഭിനയിച്ചത്.

Krittika, Manju Warrier, Tovino

“ആദ്യം ‘ആമി’യില്‍ ആണ്. അതില്‍ മഞ്ജു ച്ചേച്ചിയുടെ ചെറുപ്പത്തിലെ കൂട്ടുകാരി മാലതി ആയിട്ടായിരുന്നു. അതായത് മാലതിയുടെ ചെറുപ്പകാലം. ശരിക്കും അതിലേക്ക് ആദ്യം വേറൊരു കുട്ടിയെയാണ് പറഞ്ഞുവച്ചിരുന്നത്. പിന്നീട് ഷൂട്ട് തുടങ്ങുന്നതിനു മുമ്പ് കമല്‍ സാര്‍ എന്നെ വിളിക്കുകയായിരുന്നു. എന്‍റെ മുഖമാണ് മാലതിയാകാന്‍ കൂടുതല്‍ ചേരുന്നത് എന്നു പറഞ്ഞു. സത്യത്തില്‍ കമല്‍ സാര്‍ വിളിച്ചപ്പോള്‍ ഉണ്ടായ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല.”

‘മോഹന്‍ലാലി’ലെ ഒറ്റ രംഗത്തോടെ കൃറ്റിക ഹിറ്റായി എന്നു തന്നെ പറയാം. മഞ്ജു വാര്യരുടെ ചെറുപ്പം ഇങ്ങനെയല്ല എന്ന് ആരും പറയില്ല. അത്രയ്ക്കും സാമ്യം.

“ആ സിനിമയിലെ ആടു തോമയുടെ പോസ്റ്റര്‍ നോക്കി ഗ്ലാസെടുത്ത് കണ്ണില്‍ വയ്ക്കുന്ന സീനായിരുന്നു ശരിക്കും ഹിറ്റായത്. അതു കണ്ട് കുറേപേര്‍ വിളിച്ചും മെസ്സേജ് അയച്ചും ഒക്കെ പറഞ്ഞു നന്നായിട്ടുണ്ടെന്ന്. മഞ്ജുച്ചേച്ചിയും പറഞ്ഞു, ഇതേ കാര്യം പറഞ്ഞ് മഞ്ജുച്ചേച്ചിയെയും കുറേ പേര്‍ വിളിക്കുകയും മെസ്സേജ് അയയ്ക്കുകയുമൊക്കെ ചെയ്തിരുന്നുവെന്ന്. അതെങ്ങനെയോ പെർഫെക്ടായി വന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. കുറേപേര്‍ ചോദിച്ചു ഇക്കാര്യം. ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ലേ കൃറ്റികയ്ക്ക് എന്ന്. ഒട്ടും ഇല്ലായിരുന്നു. അതെന്താ അങ്ങനെ എന്നു ചോദിച്ചാല്‍ എനിക്കും അറിയില്ല. സ്‌കൂളിലൊക്കെ പരിപാടികള്‍ക്ക് പങ്കെടുക്കാറുണ്ട്. അതുകൊണ്ട് സഭാകമ്പം ഒന്നും ഉണ്ടായിരുന്നില്ല. അതുതന്നെയാകും ക്യാമറയ്ക്കു മുന്നിലും സഹായിച്ചത്.”

Krittika Actress

Photo: Lalu Ckd

ധാരാളം ഓഫറുകള്‍ വരുന്നുണ്ടെങ്കിലും അടുത്ത പ്രൊജക്റ്റുകളെക്കുറിച്ച് തീരുമാനം ആയിട്ടില്ല എന്നാണു കൃറ്റിക പറയുന്നത്.

“മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും കുറേ പേര്‍ വിളിച്ചിട്ടുണ്ട്. നായികയായി തന്നെയാണ്. മലയാളത്തില്‍ സപ്പോര്‍ട്ടിംഗ് റോളിലേക്കും നായിക കഥാാപാത്രമാകാനും വിളി വന്നിട്ടുണ്ട്. ഇതുവരെ ഒന്നും തീരുമാനിച്ചില്ല. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുകയാണ്. സത്യത്തില്‍ ഞാന്‍ പത്താംക്ലാസിലാണെന്നു പറഞ്ഞിട്ട് പലര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല. ചെർളയം ബെതനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിക്കുന്നത്.”

ആസിഫ് അലി നായകനാകുന്ന മന്ദാരമാണ് കൃറ്റികയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മന്ദാരത്തിലെ മൂന്നു നായികമാരിൽ ഒരാളായി കൃറ്റികയെത്തും. ജാനകി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കൃറ്റിക അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് അവസാനം തിയേറ്ററുകളിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook