ലോക്ക്ഡൗൺ കാലത്ത് വിവാഹിതയാവാനുള്ള തയ്യാറെടുപ്പിലാണ് നടി മിയ. തന്റെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ. കൂട്ടുകാർക്കൊപ്പം അതീവ സന്തോഷത്തിലാണ് ചിത്രങ്ങളിൽ മിയ. കോട്ടയം സ്വദേശി അശ്വിൻ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യുന്നത്.

ആഗസ്റ്റ് 25നായിരുന്നു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് മിയയുടെ മനസമ്മത ചടങ്ങുകൾ നടന്നത്. മിയയുടെ മനസമ്മതത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ജൂൺ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹം ആലോചിച്ചുറപ്പിച്ചതാണെന്ന് മിയയുടെ വീട്ടുകാർ അറിയിച്ചിരുന്നു.

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

തമിഴിൽ ‘അമര കാവ്യം,’ ‘ഇൻട്രു നേട്ര് നാളൈ,’ ‘വെട്രിവേൽ,’ ‘ഒരു നാൾ കൂത്ത്,’ ‘റം,’ ‘യെമൻ’ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്.

Read More: വിവാഹ ഒരുക്കങ്ങൾ തുടങ്ങിയോ? വൈറലായി മിയയുടെ ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook