ബെൽസ് പാൾസി രോഗാവസ്ഥയെ തുടർന്ന് ചികിത്സയിലാണ് താനെന്ന് അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുൻ രമേശ് വെളിപ്പെടുത്തിയത്. മുഖത്തിന്റെ ഒരു വശത്തെ പേശികളിൽ പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മുഖത്തെ പേശികൾക്ക് സംഭവിക്കുന്ന ഈ തളർച്ച, മുഖത്തിന്റെ ഒരു വശം കോടിയതുപോലെ തോന്നിപ്പിക്കും.
ഇപ്പോൾ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുന്ന സന്തോഷം ആരാധകരുമായി ഷെയർ ചെയ്യുകയാണ് മിഥുൻ. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മിഥുൻ.

കുറച്ചു ദിവസങ്ങൾ കൂടി ഫിസിയോ തെറാപ്പി ചെയ്താൽ രോഗവിമുക്തി നേടാനാവുമെന്ന പ്രത്യാശയും മിഥുൻ പങ്കുവച്ചു. ഒപ്പം തനിക്കായി പ്രാർത്ഥിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്ത ആരാധകർക്കും നന്ദി പറയാൻ മിഥുൻ മറന്നില്ല.
അഭിനേതാവായാണ് മിഥുൻ മലയാളി പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. പിന്നീട് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ പ്രിയങ്കരനായത്. ദുബായിൽ ആർ ജെയായി ജോലി ചെയ്യുകയാണ് മിഥുൻ. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് മിഥുന്റെ ഭാര്യ ലക്ഷ്മി.