സിനിമാ ഇന്ഡസ്ട്രി താരപുത്രന്മാര്‍ക്കും താരപുത്രികള്‍ക്കും ഒരു ബോണസാണെന്ന് പറയാറുണ്ട്. കഴിവുളളവരായാലും ഇല്ലാത്തവരായാലും താരങ്ങളുടെ മക്കളാണെങ്കില്‍ എളുപ്പത്തില്‍ സിനിമയില്‍ കയറാനാവുമെന്നാണ് വെപ്പ്. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ ബോണസ് മാത്രം മതിയായി വരില്ല, കഴിവ് കൂടി ഘടകമായി മാറും. ബോളിവുഡില്‍ പ്രത്യേകിച്ച് താരപുത്രന്മാര്‍ അരങ്ങ് വാഴുന്നുണ്ട്. പുതുതലമുറ താരങ്ങളായി മാറാന്‍ ഒരുങ്ങുന്നവരുമുണ്ട്. സാറാ അലി ഖാന്‍, ജാന്‍വി കപൂര്‍, ഇഷാന്‍ ഖട്ടാര്‍ എന്നിവരൊക്കെ ആ നിരയില്‍ ഉള്‍പ്പെടുന്ന താരങ്ങളാണ്. ആ പട്ടികയില്‍ ചേരാന്‍ പോകുന്ന മറ്റൊരു പേരാണ് ദിഷാനി ചക്രബര്‍ത്തി.
ആരാണ് ദിഷാനി എന്നല്ലെ, ബോളിവുഡ് നടന്‍ ആയിരുന്ന മിഥുന്‍ ചക്രബര്‍ത്തിയുടെ സുന്ദരിക്കുട്ടിയാണ് ദിഷാനി. ഇരുവരും കണ്ടുമുട്ടിയ കഥയും ദിഷാനിയോ പോലെ മനോഹരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയ കുട്ടിയാണ് ദിഷാനി. അവളെ മിഥുന്‍ ചക്രബര്‍ത്തി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു.
ഒരു കുട്ടിയെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന പത്രവാര്‍ത്ത കണ്ടാണ് മിഥുന്‍ ചക്രബര്‍ത്തി അധികൃതരെ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് മിഥുന്‍ കുട്ടിയെ ദത്തെടുക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് അധികൃതരെ ബന്ധപ്പെടുന്നത്. ഭാര്യ യോഗിത ബാലിയും മിഥുന് പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു.
ദിഷാനിയെ കൂടാതെ മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ട് മിഥുന്. മഹാക്ഷയ്, നമഷി, ഉഷ്മയ് എന്നിവരാണ് മറ്റുളളവര്‍. ദിഷാനി നാലാമത്തെ മകളായി വളര്‍ന്നു. ഈയടുത്താണ് തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദിഷാനി വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുന്ന ദിഷാനി അടുത്ത് തന്നെ ബോളിവുഡ് അരങ്ങേറ്റം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ഒരു മുന്‍നിര സംവിധായകനുമായി ദിഷാനി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook