ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷൻ മംഗളിന്റെ കഥ പറയുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിവരാണ് മറ്റു താരങ്ങൾ. ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് എല്ലാവരും എത്തുന്നത്.’മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നിത്യ മേനോൻ.
അസാധ്യമെന്ന് എല്ലാവരും വിധിയെഴുതുന്ന ഒരു ലക്ഷ്യത്തിനു പിന്നിലുള്ള ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷനിലെ ഏതാനും ശാസ്ത്രജ്ഞരുടെ യാത്രയും ഒടുവിൽ ചൊവ്വയിൽ വരെ എത്തുന്ന മിഷൻ മംഗളിന്റെ യാത്രയുമാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലറും സമ്മാനിക്കുന്നത്. ഉദ്വോഗജനകമായ നിമിഷങ്ങളാലും താരസാന്നിധ്യം കൊണ്ടും ട്രെയിലർ ശ്രദ്ധ നേടുകയാണ്.
ജഗൻ സാക്ഷിയാണ് ‘മിഷൻ മംഗളി’ന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് 2013 നവംബർ അഞ്ചിനായിരുന്നു ഇന്ത്യയുടെ തന്നെ അഭിമാനമായ മിഷൻ മംഗൾ വിജയകരമായി സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ആദ്യ ശ്രമത്തിൽ 2014 സെപ്റ്റംബർ 24 ന് ചൊവ്വാ ഓർബിറ്റർ മിഷൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി. അതിന്റെ ദൗത്യജീവിതം ആറുമാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, 2017 ജൂണിൽ ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ 1000 ദിവസം പൂർത്തിയാക്കി. ഇപ്പോഴും ചൊവ്വയിൽ നിന്നുള്ള വിവരങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്ന മാർസ് ഓബിറ്റർ മിഷൻ ഇന്ത്യയ്ക്ക് ഒന്നാകെ അഭിമാനകരമായ ബഹിരാകാശ മിഷനുകളിൽ ഒന്നാണ്.
ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ അവിശ്വസനീയമായ യഥാർത്ഥ കഥയെ തന്റെ മകൾ ഉൾപ്പെടുന്ന പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് അക്ഷയ് കുമാർ മുൻപ് ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.
നമ്മുടെ ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന, ഭാവനയും ജിജ്ഞാസയും നിറഞ്ഞ ഒരു സിനിമ- എന്നെ സംബന്ധിച്ച് മിഷൻ മംഗൾ അതാണ്. ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ അവിശ്വസനീയമായ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ‘മിഷൻ മംഗൽ’ സാധാരണക്കാർ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചതിന്റെ കഥ കൂടിയാണ്. സർഗ്ഗാത്മകതയ്ക്കും ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരുകളില്ലെന്ന് തെളിയിക്കുന്ന ഒരു കഥ,” അക്ഷയ് കുമാർ പറയുന്നു. ആഗസ്ത് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Read more: അക്ഷയ് കുമാറിനു നന്ദി പറഞ്ഞ് നിത്യ മേനനും തപ്സി പാന്നുവും