ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മാനുഷി ഛില്ലര്‍ എന്ന പെണ്‍കുട്ടി വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. സൗന്ദര്യത്തെക്കുറിച്ചുള്ള മാനുഷിയുടെ സങ്കല്പങ്ങള്, സ്ത്രീകളുടെ വ്യക്തി ശുചിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവകൊണ്ട് എത്രയോ തവണ ഈ പെണ്‍കുട്ടി നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കുറി ഞെട്ടിയത് മാനുഷിയാണ്.
ഇടക്കാലത്ത് ഒരു ലോകയാത്രയിലായിരുന്നു മാനുഷി. ‘ബ്യൂട്ടി വിത്ത് പര്‍പ്പസ്’ എന്ന പ്രൊജക്ടിന്റെ ഭാഗമായായിരുന്നു ഈ യാത്ര. കഴിഞ്ഞദിവസമാണ് മഹേഷ് എന്ന കുട്ടിക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘പുതിയ സുഹൃത്തിനെ കിട്ടി’ എന്നായിരുന്നു മാനുഷി പറഞ്ഞത്. അതിനൊപ്പമുള്ള കുറിപ്പ് ആരുടേയും ഹൃദയത്തെ സ്പര്‍ശിക്കും വിധത്തിലായിരുന്നു.
“തന്റെ വിദ്യാഭ്യാസത്തിന്റെ ചെലവിനായി പനിനീര് പൂക്കള്‍ വില്‍ക്കുന്ന സമയത്താണ് മഹേഷിനെ കാണുന്നത്. ഗണിതവും ഇംഗ്ലീഷുമാണ് ഇഷ്ടവിഷയങ്ങള്‍ എന്നു പറഞ്ഞ അവന് ഞാന്‍ വാങ്ങിക്കൊടുത്ത ഐസ്ക്രീം നിഷേധിച്ചു. ഫുട്ബോള്‍ കളിക്കാന്‍ വയറ് ചാടാതെ നോക്കുകയാണത്രേ! കൈയ്യിലുണ്ടായിരുന്ന ബാക്കി പൈസ അവന്റെ വിദ്യാഭ്യാസ ചെലവിനായി ഞാന്‍ നല്കി. എന്നിട്ട് പൂക്കള്‍ അവന്റെ അമ്മയ്ക്ക് സമ്മാനിക്കാന്‍ പറഞ്ഞു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവന് ആ പണം വേണ്ടെന്നു പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍, അവന്റെ മറുപടി, അമ്മ പറഞ്ഞിട്ടുണ്ട് ആരില്‍ നിന്നും സൗജന്യമായി പണം വാങ്ങരുത് എന്നായിരുന്നു. ഈ ചെറിയ കുട്ടിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്,” മാനുഷി കുറിച്ചു.