‘തലയണമന്ത്ര’ത്തിലെ സ്ത്രീ വിരുദ്ധത; സംവിധായകനും നായികയ്ക്കും പറയാനുള്ളത്

‘തലയണമന്ത്രം’ മലയാളികള്‍ ഏറ്റെടുത്ത വിജയചിത്രമാവുമ്പോഴും പുതിയ കാലത്തെ സിനിമാചർച്ചകളിൽ അതിലെ സ്ത്രീവിരുദ്ധത ഒരു വിമർശനമായി ഉയർന്നു വരാറുണ്ട്. അതിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യകതമാക്കുകയാണ് ഉർവശിയും സത്യൻ അന്തിക്കാടും

Thalayanamanthram, Thalayanamanthram misogyny, തലയണമന്ത്രത്തിലെ സ്ത്രീവിരുദ്ധത, Sathyan Anthikad, Urvashi

ഉർവശിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘തലയണമന്ത്രം.’ ചിത്രം റിലീസിനെത്തിയിട്ട് മുപ്പത് വർഷങ്ങളാവുന്നു.  1990ൽ ഓണക്കാലത്ത് അഭൂതപൂര്‍വ്വമായ വിജയം നേടിയ ഈ ചിത്രം ഒരു ഇടത്തരം കുടുംബത്തിലെ മരുമകളായ കാഞ്ചനയെ ചുറ്റിപ്പറ്റിയാണ്. സ്വാഭാവികമായ അവതരണം കൊണ്ട് ഉര്‍വ്വശി അനശ്വരമാക്കിയ കാഞ്ചന മലയാള ചലച്ചിത്ര അഭിനയ ഏടുകളിലെ തിളക്കമാര്‍ന്ന അധ്യായമാണ്.

മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകർ ആവർത്തിച്ച് കാണുകയും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാവുകയും ചെയ്യുന്ന ചിത്രങ്ങളിലൊന്ന് കൂടിയാണ് ‘തലയണമന്ത്രം’. ഒരു വശത്ത് ‘തലയണമന്ത്രം’ മലയാളികള്‍ ഏറ്റെടുത്ത വിജയചിത്രമാവുമ്പോഴും, മറുവശത്ത് അതിലെ സ്ത്രീവിരുദ്ധതയും ചര്‍ച്ചയാവുന്നുണ്ട്. ശരാശരി മലയാളി വീട്ടമ്മയുടെ വളരെ സാധാരണമെന്ന് പറയാവുന്ന ആഗ്രഹങ്ങളാണ് സിനിമയില്‍ പ്രശ്നങ്ങളുടെ മൂലകാരണമായി ചിത്രീകരിക്കുന്നതെന്നാണ് പുനർവായനകളിലും സോഷ്യൽ മീഡിയയിലെ അവലോകനങ്ങളിലുമൊക്കെ പലപ്പോഴും ഉയർന്നു വരുന്ന പ്രധാന വിമർശനം.

‘തലയണമന്ത്ര’ത്തിൽ സ്ത്രീവിരുദ്ധതയുണ്ടോ? ചിത്രം റിലീസിനെത്തി മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടും പ്രിയനടി ഉർവശിയും. ‘തലയണമന്ത്ര’ത്തിന്റെ മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖങ്ങളിലാണ് ഇരുവരും ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

വിമർശിക്കുന്നവർ അങ്ങനെ പറഞ്ഞോട്ടെ. അതല്ല, എന്ന് എനിക്കറിയാം; സത്യന്‍ അന്തിക്കാട്

ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ പിന്നെ സംവിധായകന് അതിൽ അവകാശമൊന്നുമില്ല, അത് പ്രേക്ഷകരുടേതാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവർക്ക് കണ്ട് യോജിപ്പുകളും വിയോജിപ്പുകളും പ്രകടിപ്പിക്കാനുള്ള പൂർണസ്വാതന്ത്ര്യമുണ്ട്. വിമർശനങ്ങൾ കഴമ്പുള്ളതാണെങ്കിൽ സ്വീകരിക്കും. നമ്മളൊരു നല്ല കാര്യം ചെയ്യുന്ന സമയത്ത് ആളുകൾ അതിനെ പല തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. എല്ലാ സ്ത്രീകളും കാഞ്ചനയെ പോലെയാണ് എന്ന് ആ സിനിമ പറയുന്നില്ല. സമൂഹത്തിൽ അങ്ങനെയുള്ള സ്ത്രീകളും ഉണ്ട്. അതേ സിനിമയിൽ തന്നെ കെപിഎസി ലളിത, പാർവ്വതി എന്നിവരേയും കാണിക്കുന്നുണ്ട്. കുടുംബത്തിൽ കുത്തിത്തിരിപ്പുകളുണ്ടാക്കുന്ന അത്യാഗ്രഹങ്ങൾ ഉള്ള സ്ത്രീകൾക്ക് സ്വയം കറക്ട് ചെയ്യാനാകുന്ന ഒരു സന്ദേശം കൂടിയാണ് ‘തലയണമന്ത്രം’ എന്ന സിനിമയിലൂടെ ഉദ്ദേശിച്ചത്.

പിന്നെ ആ കാലത്ത് നമ്മുടെ നാട്ടില്‍ അത്തരത്തിലുള്ള സ്ത്രീകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതിന് സാധ്യതയില്ല. ഒരു കാലത്തെ അടയാളപ്പെടുത്തുന്നത് കൂടിയല്ലേ സിനിമ. ആ കാലത്ത് എടുക്കുമ്പോൾ ആ കാലത്തെ കഥയാണ് സിനിമ പറയുന്നത്. ‘തലയണമന്ത്രം’ സ്ത്രീരുദ്ധമാണെന്ന് വിമർശിക്കുന്നവർ അങ്ങനെ പറഞ്ഞോട്ടെ. അതല്ല, എന്ന് എനിക്കറിയാം. പിന്നെ അങ്ങനെ വിമർശിക്കുമ്പോൾ അല്ലേ അടുത്ത സിനിമയിൽ നമുക്കത് ശ്രദ്ധിക്കാൻ പറ്റൂ. എല്ലാ അഭിപ്രായങ്ങളേയും ഞാൻ ബഹുമാനിക്കുന്നു. പക്ഷേ അതിനോട് യോജിക്കുന്നില്ല.

തന്റെ അച്ഛന് തന്നെ പഠിപ്പിക്കാനുള്ള സാമ്പത്തിക സാഹചര്യമില്ലാത്തു കൊണ്ടാണ് തനിക്ക് വിദ്യാഭ്യാസം കുറഞ്ഞത് എന്ന് ഉർവ്വശിയുടെ കഥാപാത്രം പറയുമ്പോൾ അങ്ങനെയല്ല, പഠിക്കാൻ മണ്ടിയായിരുന്നു എന്ന് ജയറാം തിരുത്തുന്നുണ്ട്. പഠിക്കാൻ മടിയുള്ള ധാരാളം ആളുകൾ ഇപ്പോഴും ഉണ്ട്. അത്തരം ഒരു കുടുംബത്തെ അവിടെ അവതരിപ്പിച്ചു എന്നേ ഉള്ളൂ. അതിന്റെ കാര്യകാരണങ്ങളിലേക്കൊന്നും കടന്നിട്ടില്ല. ഒരു കഥ വളരെ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. അത് റിലീസ് ചെയ്തതിന് ശേഷമാണ് ആളുകൾ അതിനെ അവലോകനം ചെയ്യുന്നത്. അത്തരം ചോദ്യങ്ങൾക്കുള്ള പഴുതടച്ച് എല്ലാത്തിനും ന്യായീകരണങ്ങൾ നിരത്താൻ നിന്നാൽ ആ സിനിമയുടെ സ്വാഭാവികത നഷ്ടപ്പെടും, അതിന്റെ ‘ജെനുവിനിറ്റി’ നഷ്ടപ്പെടും. ഒന്നും നമ്മൾ ബോധപൂർവം ചെയ്യുന്നതല്ല. കാഞ്ചന അങ്ങനെയാണ്. അത് വിദ്യാഭ്യാസ കുറവു കൊണ്ടല്ല. അവരുടെ സ്വഭാവം അതാണ്. അതിന് മറ്റ് കാരണങ്ങൾ ഇല്ല. വിദ്യാഭ്യാസം ഉണ്ടായിട്ടും അസൂയയും കുശുമ്പും ഉള്ളവരില്ലേ. ഇതൊന്നും ഒരു കുറ്റമല്ല, അവരുടെ സ്വഭാവമാണ്. അത്തരം സ്വഭാവമുള്ളവർ നമുക്ക് ചുറ്റുമുണ്ട്.

സിനിമയിൽ സുകുമാരി ചെയ്ത കഥാപാത്രത്തെ പോലെ നിരവധി സ്ത്രീകൾ അക്കാലത്തും ഇക്കാലത്തും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത് ഫെമിനിസത്തെ പരിഹസിക്കുകയല്ല. സമൂഹത്തിന്റെ ഒരു പരിഛേദമാണ് സിനിമ. അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ സമൂഹത്തിൽ ഇല്ലാതാകണം. അപ്പോൾ നിങ്ങൾ​ പൊങ്ങച്ചം പറയുന്ന സ്ത്രീകളെ തിരുത്തുക.

Read more: ഓടിച്ചിട്ട്‌ എടുത്ത ഓണപ്പടം; ‘തലയണമന്ത്രം’ ഓർമകളിൽ സത്യൻ അന്തിക്കാട്

കാലത്തിന്റെ പ്രതിഫലനം മാത്രം; ഉര്‍വ്വശി

‘തലയണമന്ത്ര’ത്തിന്റെ ക്ലൈമാക്സിൽ ശ്രീനിയേട്ടന്റെ കഥാപാത്രം പറയുന്നുണ്ട്, ‘എന്റെ ഭാര്യയായി നല്ല മനസ്സോടെ കഴിയാൻ പറ്റുമെങ്കിൽ ഇങ്ങോട്ട് കയറിവരാം,’ എന്ന്. ‘അതൊന്നും നീ പറയേണ്ട, എല്ലാം അവൾക്കറിയാം,’ എന്ന് പറഞ്ഞ് അമ്മയാണ് മരുമകളെ അകത്തേക്ക് കൂട്ടി കൊണ്ടു പോവുന്നത്. അത് അന്നൊക്കെ വീടുകളിൽ സാധാരണമായി നടക്കുന്നൊരു കാര്യമാണ്.

വർഷങ്ങൾക്കു​ ശേഷം, ‘സകുടുംബം ശ്യാമള’ ചെയ്തപ്പോൾ സമാനമായൊരു ക്ലൈമാക്സായിരുന്നു കഥാകൃത്ത് ആദ്യം എഴുതിയിരുന്നത്. രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ച് ശ്യാമള നല്ല ഗൃഹസ്ഥയായി മാറുന്നൊരു ക്ലൈമാക്സ്. പിന്നീട് വന്ന ചർച്ചകളിൽ ഞാനടക്കമുള്ളവർ അഭിപ്രായം പറഞ്ഞു, ‘അങ്ങനെ പാടില്ല. സ്ത്രീകൾ ഇന്ന് എല്ലാ രംഗത്തും പുരുഷനൊപ്പം തന്നെ നിൽക്കുന്നവരാണ്. ഒരു വാശിയ്ക്ക് കിണറ്റിൽ ചാടിയതു പോലെയല്ല ശ്യാമള ഇപ്പോൾ രാഷ്ട്രീയത്തിൽ നിൽക്കുന്നത്. അവരതിനെക്കുറിച്ച് പഠിച്ചു. കുറച്ചു കൂടി പക്വത നേടിയിട്ടുണ്ട്. ആ പക്വതയോടെ ശ്യാമള മന്ത്രിമന്ദിരത്തിൽ തന്നെ തുടരുന്നതാണ് നല്ലത്.’ ആ രീതിയിലേക്ക് പിന്നീട് ക്ലൈമാക്സ് മാറ്റിയെഴുതുകയായിരുന്നു. അതാണ് കാലത്തിന്റെ മാറ്റം.

കാലവും സമൂഹവും മാറുന്നതിന് അനുസരിച്ച് സിനിമകളും മാറുന്നുണ്ട്. മുൻപ് രണ്ടോ മൂന്നോ മക്കളൊക്കെ ആയി കഴിഞ്ഞാൽ സ്ത്രീകൾ കുടുംബിനിയായി ഇരുന്നോണം എന്നായിരുന്നുവെങ്കിൽ ഇന്ന് ഏതു പ്രായത്തിലും സ്ത്രീകൾ അവരുടെ കഴിവുകൾ തെളിയിച്ച് കർമരംഗങ്ങളിൽ തിളങ്ങുന്നുണ്ട്. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങൾ സിനിമയിലും പ്രതിഫലിക്കും.

പിന്നെ ഇക്കാലത്ത് തീ എന്നു പറഞ്ഞാൽ വായ പൊള്ളും എന്നൊരു അവസ്ഥയുണ്ട്. എന്തു പറഞ്ഞാലാണ് പ്രശ്നമാവുക, എങ്ങനെയാണ് തെറ്റിദ്ധരിക്കപ്പെടുകയെന്ന് അറിയില്ല. എന്ത് സംസാരിക്കുമ്പോഴും ശ്രദ്ധാലു ആവണം. അതു കൊണ്ടു തന്നെ, കാര്യങ്ങൾ തുറന്നു പറയാനോ വ്യക്തിത്വം പ്രകടിപ്പിക്കാനോ ആവാതെ ആളുകൾ മുഖംമൂടിയിട്ട് നടക്കേണ്ട അവസ്ഥ വരുന്നുണ്ട്. അതെത്രത്തോളം ആരോഗ്യകരമാണെന്ന് എനിക്കറിഞ്ഞു കൂടാ.

Read more: മായമില്ല, മന്ത്രമില്ല… അഭിനയവഴികള്‍ പറഞ്ഞ് ഉര്‍വശി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Misogyny in thalayanamanthram sathyan anthikad urvashi response

Next Story
നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് താരങ്ങളായി ദിലീപും കാവ്യയും- ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com