ബോളിവുഡിന്റെ പ്രിയ ദമ്പതികളാണ് ഷാഹിദ് കപൂറും മിറാ രജപുതും. ഒരിക്കല്‍ ഷാഹിദനെ വീട്ടില്‍ നിന്നും ഇറക്കി വിടേണ്ടി വന്നതിനെ കുറിച്ച് മനസു തുറക്കുകയാണ് മിറ. നേഹാ ദൂപിയ അവതാരികയായെത്തുന്ന പരിപാടിയിലാണ് തങ്ങളുടെ ജീവിതത്തിലെ ആ രസകരമായ അനുഭവം ഇരുവരും പങ്കുവച്ചത്.
അടുത്തിടെ പുറത്തിറങ്ങിയ പത്മാവതിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ‘ഷാഹിദ് വീട്ടിലെത്തുക അന്നൊക്കെ രാവിലെ എട്ട് മണിക്കായിരുന്നു. വന്ന് കിടന്നാല്‍ എഴുന്നേല്ക്കുമ്പോള് ഉച്ചക്ക് രണ്ട് മണിയാകും. ഈ സമയം അദ്ദേഹത്തിന് നിശബ്ദത അത്യാവശ്യമായിരുന്നു. പക്ഷെ എന്തു ചെയ്യാം മകള്‍ മിഷ ഈ സമയത്തായിരിക്കും ഉണര്‍ന്നിരിക്കുക. കളിയും ചിരിയുമായി ബഹളമായിരിക്കും.’ മിറ പറയുന്നു.
‘ഷാഹിദ് ഒന്നും പറയുമായിരുന്നില്ല. പക്ഷെ എനിക്കറിയാം അദ്ദേഹത്തിന് എത്ര ക്ഷീണമുണ്ടെന്ന്. മകളെ നിയന്ത്രിക്കുന്നതിലും പരിധിയുണ്ടായിരുന്നു. അങ്ങനെ ഒരു ഘട്ടത്തില്‍ എത്തിയതും എനിക്ക് നിയന്ത്രിക്കാന്‍ പറ്റാതായി. ഞാന്‍ ഷാഹിദിനോട് പറഞ്ഞു, ഇനിയിത് പറ്റില്ലെന്ന്’ മിറ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് വീടു വിട്ടിറങ്ങിയ ഷാഹിദ് ഗോരേഖാവിലുള്ള തങ്ങളുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലായി താമസം. സിനിമയുടെ ചിത്രീകരണം കഴിയുന്നത് വരെ അവിടെയായിരുന്നു പിന്നീട് താമസം. സിനിമാ സെറ്റില്‍ നിന്നും അടുത്തായിരുന്നു ഹോട്ടല്‍.
പത്മാവതിന് ശേഷം പുതിയ ചിത്രമായ ബട്ടി ഗുല്‍ മീറ്റര്‍ ചാലുവിന്റെ തിരക്കിലാണ് ഷാഹിദ് ഇപ്പോള്‍. ശ്രദ്ധ കപൂറും യാമി ഗൗതവുമാണ് ചിത്രത്തിലെ നായികമാര്‍.