ജുംപാ ലഹിരിയുടെ ‘ദി നെയിം സേക്ക്’, മൊഹ്സിന്‍ ഹമീദിന്‍റെ ‘ദി റെലക്ടന്റ് ഫണ്ടമെന്‍റലിസ്റ്റ്’ എന്നീ പുസ്തകങ്ങള്‍ക്ക് സിനിമാ പരിഭാഷ്യം നല്‍കിയ വിഖ്യാത ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്രകാരി മീരാ നായര്‍ വിക്രം സേത്തിന്‍റെ ബെസ്റ്റ് സെല്ലര്‍ നോവല്‍ ‘ദി സ്യൂട്ടബിള്‍ ബോയ്’ ദൃശ്യവത്കരിക്കാന്‍ ഒരുങ്ങുന്നു. ബിബിസി വണ്‍ ടെലിവിഷനു വേണ്ടിയാണ് മീരയുടെ ഈ സംവിധാന സംരംഭം.
ഇതിന്‍റെ സാധ്യതകളെക്കുറിച്ച് വാചാലരായ ആരാധകരോട് മീര ട്വിറ്ററില്‍ “താനിതിനെ ഒരു ‘പെര്‍ഫെക്ട് സൂട്ടബിള്‍ ഡ്രീം’ ആയി കരുതുന്നുവെന്നും വായനക്കാരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ തനിക്കു സാധിക്കട്ടെ” എന്നും പ്രതികരിച്ചു.
I am in a perfect Suitable dream https://t.co/KSVjRNK7rU
— Mira Nair (@MiraPagliNair) March 14, 2018
ഈ ടെലിവിഷന്‍ സീരീസില്‍ അഭിനയിക്കുന്നവരെല്ലാം ‘നോണ്‍-വൈറ്റ്’, വെളളക്കാരല്ലാത്തവര്‍ ആയിരിക്കും എന്നും വിവരമുണ്ട്. സ്വാന്തന്ത്ര്യാനന്തര ഇന്ത്യയില്‍ തന്‍റെ മകള്‍ക്ക് ഏറ്റവും അനുയോജ്യനായ വരനെത്തേടുന്ന ഒരമ്മയുടെ കഥയാണ് വിക്രം സേത്ത് ‘ദി സൂട്ടബിള്‍ ബോയി’ല്‍ പറഞ്ഞത്. ആന്ദ്രൂ ഡേവിസാണ് 1,349 പേജുകളിലായുള്ള ‘ദി സ്യൂട്ടബിള്‍ ബോയ്’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും നീളം കൂടിയ നോവലുകളില്‍ ഒന്നാണ് ‘ദി സ്യൂട്ടബിള്‍ ബോയ്’. എട്ടു ഭാഗങ്ങളായിട്ടായിരിക്കും സീരീസ് ഒരുങ്ങുന്നത്. അഭിനേതാക്കളെയും റിലീസ് തീയതിയും തീരുമാനം ആയിട്ടില്ല.
മീരാ നായര്‍ ഇതിനു മുന്‍പ് ദൃശ്യഭാഷ്യം കൊടുത്തിട്ടുള്ള കഥകളെല്ലാം തന്നെ നന്നായി സ്വീകരിക്കപ്പെട്ടവയാണ്. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്ന അശോക്-ആഷിമ ദമ്പതികളുടെ ജീവിതത്തിലൂടെയുള്ള യാത്രയും അവരുടെ മകന്‍ ‘ഗോഗോല്‍’ കടന്നു പോകുന്ന സ്വത്വപ്രതിസന്ധിയുമാണ് ‘ദി നെയിംസേക്കി’ന്‍റെ ഇതിവൃത്തം. ഇര്‍ഫാന്‍ ഖാന്‍, തബു, കാല്‍ പെന്‍, സാഹിറ നായര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മീര നായരുമായി വളരെക്കാലത്തെ പ്രവര്‍ത്തിപരിചയമുള്ള സൂനി താരാപൂര്‍വാലയാണ് ‘ദി നെയിംസേക്കി’ന്‍റെ തിരക്കഥ.
2012ല്‍ മീര സംവിധാനം ചെയ്ത ചിത്രമാണ് ‘ദി റെലക്ടന്റ് ഫണ്ടമെന്‍റലിസ്റ്റ്’. മൊഹ്സിന്‍ ഹമീദിന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എടുത്ത സിനിമയില്‍ റിസ് അഹമ്മദ്, കേറ്റ് ഹമഡ്‌സന്‍, ശബാന ആസ്മി, ഓം പുരി എന്നിവര്‍ അഭിനയിച്ചു. ലാഹോര്‍ യൂണിവേഴ്സിറ്റിയിലെ ഒരു അമേരിക്കന്‍ പ്രൊഫെസറെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോകുന്ന ഇടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കി ലാഹോറില്‍ ജോലി ചെയ്യുന്ന ചങ്കേസ് ഖാന് ഈ തട്ടിക്കൊണ്ട് പോകലുമായി ബന്ധമുണ്ട് എന്ന് സംശയിക്കപ്പെടുന്നു. വില്ലിം വീലെര്‍, ഋത്വിക് ഓസ എന്നിവരാണ് ‘ദി റെലക്ടന്റ് ഫണ്ടമെന്‍റലിസ്റ്റി’ന്‍റെ തിരക്കഥ.
ചിത്രം: ഫേസ്ബുക്ക്