ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ടൊവിനോയും ബേസിലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ഇൻസ്റ്റഗ്രാം ലൈവിനിടെ നടി ദർശന രാജേന്ദ്രൻ കമന്റുമായി എത്തിയിരുന്നു. ഇതാണ് രസകരമായ സംഭാഷണങ്ങൾക്ക് വഴിവെച്ചത്. ”ദർശനാ… ഇപ്പൊ എല്ലായിടത്തും ദർശനയാണല്ലോ,” എന്നാണ് ലൈവിനിടെ ദർശന എത്തിയപ്പോൾ ബേസിൽ പറഞ്ഞത്.
”ദേ ദർശന പിന്നേം വന്നിരിക്കുന്നു. എടാ, ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടെ? ടോവിനോ എന്നുപറഞ്ഞ്……,”എന്നാണ് ചിരിയോടെ ടൊവിനോ ബേസിലിനോട് ചോദിച്ചത്. ”അത് സൗണ്ട് ശരിയാവില്ല, വർക്കാവില്ല, വേണ്ട” എന്നായിരുന്നു ബേസിലിന്റെ രസകരമായ മറുപടി.
”സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടി,” എന്നാണ് ടൊവിനോ ദർശനയെ വിശേഷിപ്പിച്ചത്.
Read more: ‘ലൈറ്റായിട്ട് വിഷം ചേർത്തൊരു കേക്ക് എടുക്കട്ടെ’; ടൊവിനോയോട് അഹാന
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ‘ഹൃദയം’ എന്ന ചിത്രത്തിലെ ‘ദർശന…’ ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും, ദർശന രാജേന്ദ്രനും ചേർന്നാണ്.
അരുൺ ആലപ്പാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.
അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.