സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനാകുന്ന ‘മിന്നൽ മുരളി’. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന് മലയാളം ഇതുവരെ കാണാത്ത പ്രൊമോഷനാണ് അണിയറപ്രവർത്തകർ നൽകുന്നത്. ചിത്രം നെറ്റ്ഫ്ലിക്‌സിൽ റിലീസാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, രസകരമായ പുതിയ പ്രൊമോഷൻ വീഡിയോയും ശ്രദ്ധനേടുകയാണ്.
റെസ്‌ലിങ് താരം ദി ഗ്രേറ്റ് ഖാലിയും മിന്നൽ മുരളിയും നേർക്കുനേർ എത്തുന്ന വീഡിയോയാണ് നെറ്റ്ഫ്ലിക്സ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കൻ സൂപ്പർ ഹീറോ ആകുന്നതിനായി ഗ്രേറ്റ് ഖാലിയുടെ സൂപ്പർ ഹീറോ ടെസ്റ്റിൽ പങ്കെടുക്കുകയാണ് മിന്നൽ മുരളി. പലവിധത്തിൽ ഗ്രേറ്റ് ഖാലി മിന്നൽ മുരളിയെ പരീക്ഷിക്കുന്നത് വീഡിയോയിൽ കാണാം. ബാലതാരം വസിഷ്‍ഠ് ഉമേഷും ടൊവിനോക്ക് ഒപ്പം വീഡിയോയിൽ ഉണ്ട്.
Also Read: Minnal Murali Premiere: സിമ്പിളാണ്, പവർഫുളും; ഗ്ലോബൽ പ്രീമിയറിൽ കയ്യടി നേടി ‘മിന്നൽ മുരളി’
ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന മുരളി എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ എന്ന ചിത്രം പറയുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന ‘മിന്നൽ മുരളി’ ഡിസംബർ 24ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്.