ക്രിസ്മസ് കാലം തിയേറ്ററുകളെ സംബന്ധിച്ചും ഉത്സവകാലമാണ്. കോവിഡിനോട് അനുബന്ധിച്ച് നിശബ്ദമായ സിനിമാലോകത്തിന് പുത്തൻ ഉണർവ്വു നൽകി തിയേറ്ററുകൾ സജീവമായിരിക്കുകയാണ് വീണ്ടും. ഒരുപിടി മലയാളചിത്രങ്ങളാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. മരക്കാർ, കുറുപ്പ് പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ തുടങ്ങി സൈലന്റായി വന്ന് ഹിറ്റടിച്ച ജാൻ എ മൻ വരെയുള്ള ചിത്രങ്ങൾ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്.
ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസ് ചെയ്യാനായി ഒരുപിടി ചിത്രങ്ങൾ അണിയറയിലും കാത്തിരിപ്പുണ്ട്. അല്ലു അർജുൻ- ഫഹദ് ചിത്രം പുഷ്പ, അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ, ജിബൂട്ടി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ്. തിയേറ്ററിൽ മാത്രമല്ല, ഓടിടി പ്ലാറ്റ്ഫോമിലും ഇത് മലയാളസിനിമയുടെ പൂക്കാലമാണ്.
ക്രിസ്മസിനോട് അനുബന്ധിച്ച് ആറോളം ചിത്രങ്ങളാണ് വിവിധ ഓടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത്. മിന്നൽ മുരളി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസിനെത്തുന്നത്. ഒപ്പം മുൻപ് തിയേറ്ററുകളിൽ റിലീസ് ചെയ്ത കുറുപ്പ്, മരക്കാർ, കാവൽ തുടങ്ങിയ ചിത്രങ്ങളും ക്രിസ്മസിനു മുൻപെ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും.
- മിന്നൽ മുരളി- ഡിസംബർ 24 (നെറ്റ്ഫ്ലിക്സ്)
- കേശു ഈ വീടിന്റെ നാഥൻ- ഡിസംബർ 31 (ഹോട്ട്സ്റ്റാർ)
- കുറുപ്പ്- ഡിസംബർ 15 (നെറ്റ്ഫ്ളിക്സ്)
- മരക്കാർ- ഡിസംബർ 17 (ആമസോൺ പ്രൈം)
- കാവൽ- ഡിസംബർ 23 (നെറ്റ്ഫ്ലിക്സ്)
ജൂണ്‍ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന, ജോജു ജോര്‍ജ് നായകനാവുന്ന ‘മധുരം’ സോണിലിവിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ അവസാനവാരത്തോടെ ചിത്രം സോണിലിവിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.